താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രി താമസിച്ചിരുന്ന വാടകമുറിയിൽ സിബിഐ പരിശോധന

Jaihind Webdesk
Friday, January 5, 2024

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തില്‍ താമിർ ജിഫ്രി താമസിച്ചിരുന്ന വാടകമുറിയിൽ സിബിഐ പരിശോധന നടത്തുന്നു.  ചേളാരി ആലുങ്ങലിലെ വാടകമുറിയിലാണ് പരിശോധന. കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുകയാണ്. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന.

വ്യാഴാഴ്ചയാണ് ഫോറൻസിക് സംഘം താനൂരിൽ എത്തിയത്. താനൂരിലെ പോലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തിയിരുന്നു. താമിർ ജിഫ്രിക്ക് താനൂർ പോലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.