തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് : സി.ബി.ഐ കേസെടുത്തു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണ കള്ളക്കടത്തിൽ സി.ബി.ഐ കേസെടുത്തു . രണ്ടാഴ്ചകൾക്ക് മുമ്പ് യാത്രക്കാരിയിൽ നിന്നും വിമാനത്താവളത്തിൽ വച്ച് 24 കിലോ സ്വർണം പിടിച്ചെടുത്ത കേസിലാണ് സി.ബി.ഐ ഇടപെടൽ.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന വസ്തുത ഉയർത്തിയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അടക്കം 9 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നിലവിൽ ഡി. ആർ.ഐയാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കസ്റ്റംസ് സൂപ്രണ്ടടക്കം കേസിൽ പ്രതികളായതോടെ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് 24 കിലോ സ്വർണം ഒളിപ്പിച്ചു കടത്തിയ കെ.എസ്.ആർ.ടിസി കണ്ടക്ടർ തിരുമല സ്വദേശി സുനിലിനെയും ഒപ്പം യാത്ര ചെയ്തിരുന്ന സെറീനയെയും രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും അഭിഭാഷകനുമായ ബിജുവിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ഇവർ സമ്മതിച്ചിരുന്നു. ഇതിനിടെ കേസിലെ
പ്രതി അഡ്വ. ബിജുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് ഡി.ആര്‍.ഐ രംഗത്തു വന്നിരുന്നു. കേസിലെ നിര്‍ണായക കണ്ണിയായ അഭിഭാഷകന് ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് വ്യക്തമാക്കിയാണ് ഡി.ആർ.ഐ എതിർപ്പ് പ്രകടിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയും പ്രധാന കാരിയറുമായ പ്രകാശ് തമ്പിയെ റവന്യു ഇൻറലിജൻസ് ഇന്നലെ അറസ്റ്റ് ചെയ്തതും കേസിൽ വഴിത്തിരിവായേക്കും. ആദ്യം അറസ്റ്റിലായ സുനിൽ കുമാറിന്‍റെ സുഹൃത്ത് കൂടിയായ ഇയാൾ പലതവണകളിലായി വിമാനത്താവളം വഴി 25 കിലോയിലധികം സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇയാൾ ഉൾപ്പെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തേക്കു വരുമ്പോഴാണ് ഡി.ആര്‍.ഐ 25 കിലോ സ്വര്‍ണം പിടികൂടുന്നത്. യാത്രക്കാര്‍ പരമാവധി ക്യാബിന്‍ ലഗേജായി ഏഴു കിലോ സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇവരില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടിയത്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലായേക്കും.

Trivandrum International Airportgold smuggling
Comments (0)
Add Comment