മുന്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി ഇ ഒ യുമാണ് എബ്രഹാം.
2015 ല്‍ കെ എം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ കൂടിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതിയുടെ ഉത്തരവ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ 2018 ലാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു കോടതി വാദത്തിനിടയില്‍ ചോദിച്ചിരുന്നു.
കോളജ് പ്രൊഫസര്‍മാരായ അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ തുക കൊണ്ടാണ് ലോണ്‍ അടയ്ക്കുന്നത് എന്നാണ് കോടതിയില്‍ മറുപടി നല്‍കിയത്. എന്നാല്‍ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയതാണെന്നും അത് മറച്ചു വച്ചിട്ടാണ് കോടതിയില്‍ കളവ് പറഞ്ഞതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടിരുന്നു.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്‌ലാറ്റും 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാടുള്ള മില്ലെനിയം അപാര്‍ട്ട്‌മെന്റിന്റെ ലോണും എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നുണ്ട്. ഒപ്പം കെ എം എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്ല്യാണത്തിന് ചിലവായ സ്വത്ത് വിവരവും മറച്ചുവച്ച് കളവ് പറഞ്ഞുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു.
1988 മുതല്‍ 1994 വരെയുള്ള ആറ് വര്‍ഷകാലയളവില്‍ കെ എം എബ്രഹാം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയല്‍ ചെയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടികാട്ടി. പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്തത് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തില്‍ ഇമെയില്‍ നിലവിലില്ലാത്തതിനാലും കഴിഞ്ഞില്ലന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി.