
പാലക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് സിദ്ധാര്‍ത്ഥന്‍റെ കൊലപാതകത്തിലെ സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷ സമരവും തിരഞ്ഞെടുപ്പും ഭയന്നാണ് സിബിഐ അന്വേഷണത്തിന് തയാറായത്.
“സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ട് പുറത്ത് ഇറങ്ങിയപ്പോഴേക്കും സിബിഐ അന്വേഷണ ഉത്തരവിറങ്ങി. ഇത് നേരത്തെ തയാറാക്കി വെച്ചിരുന്നതാണ്. അല്ലാതെ സിദ്ധാര്‍ത്ഥന്‍റെ അച്ഛനെ കണ്ട ശേഷം ഉണ്ടാക്കിയതല്ല. നടപടിക്രമം വൈകിപ്പിച്ചതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമല്ല കുറ്റക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവഗണനയായിരുന്നെന്നാണ് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ പറഞ്ഞത്” – പ്രതിപക്ഷ നേതാവ് പറഞ്ഞു.
മനഃപൂര്‍വം സിബിഐ അന്വേഷണം വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് ഇപ്പോള്‍ വ്യക്തമായത്. സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ ഉത്കണ്ഠ കേരളം ഏറ്റെടുത്തതോടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉപജാപക സംഘത്തിന്‍റെ കേന്ദ്രമെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് പറഞ്ഞു.