ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥന്‍ എസ്.പി സുധാന്‍ശു ധര്‍ മിശ്രയെ സ്ഥലം മാറ്റി. വീഡിയോകോണ്‍ വായ്പാ കേസില്‍ അന്വേഷണം നടത്തുന്ന സുധാന്‍ശു ധര്‍ മിശ്രയെ ജാര്‍ഖണ്ഡിലേക്കാണ് സ്ഥലം മാറ്റിയത്. ചന്ദാ കൊച്ചാറിനെതിരെ സി.ബി.ഐ നടപടിയെടുത്തതിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ‘അന്വേഷണ സാഹസികത’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ അന്വേഷണോദ്യോഗസ്ഥനെ റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ജെയ്റ്റ്ലിയുടെ പ്രതികരണവും, തൊട്ടുപിന്നാലെ കോര്‍പറേറ്റുകള്‍ക്കായി ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതിനെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ഇവിടെ പ്രസക്തമാകുന്നു.
കൊച്ചാറിനെതിരായ കേസെടുത്തത് ‘അന്വേഷണ സാഹസികത’ എന്ന് വിശേഷിപ്പിച്ച ജെയ്റ്റ്ലി അന്വേഷണം പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വഴിമാറുന്നുവെന്നും ബ്ലോഗില്‍ കുറിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍പ്പെട്ട ചന്ദാ കൊച്ചാറിനെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നുവെന്നതിന്‍റെ വ്യക്തമായി സൂചനയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണത്തിലൂടെ വ്യക്തമായത്. ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 3,250 കോടിയുടെ വായ്പ അനുവദിച്ച നടപടിയില്‍ ചന്ദാ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് എം.ഡി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്ക് എതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടിരുന്നു. കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍ തയാറാക്കായിയ സുധാന്‍ഷു ധര്‍ മിശ്രയെ രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്.
തകര്‍ച്ചയെ നേരിട്ട വീഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചെന്നതാണ് കേസ്. ഇതില്‍ ഐ.സി.ഐ.സി.ഐ നല്‍കിയ 1875 കോടി രൂപ വായ്പയില്‍ 1730 കോടിയുടെ നഷ്ടമുണ്ടായി. ചന്ദ കോച്ചാര്‍ മേധാവിയായിരിക്കെ 2009 നും 2011 നും ഇടയ്ക്കായിരുന്നു ഇടപാടുകള്‍. ഭര്‍ത്താവ് ദീപക് കൊച്ചാറായിരുന്നു ഇതിന്‍റെ ഇടനിലക്കാരനെന്നതും വിവാദമായതിനെ തുടര്‍ന്നാണ് ചന്ദാ കൊച്ചാറിന് ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ സി.ഇ.ഒ സ്ഥാനം രാജിവെക്കേണ്ടിവന്നത്.