പാലക്കാട് : വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ . കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണ് എന്നായിരുന്നു കണ്ടെത്തൽ. അന്ന് പാലക്കാട് വിചാരണ കോടതി അത് തള്ളിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, സാഹചര്യ തെളിവുകളും കണക്കിലെടുത്താണ് സിബിഐ ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്. കുറ്റപത്രത്തിൽ പോലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ചശേഷം തൂങ്ങിമരണത്തിനാണ് സാധ്യതയെന്ന പോലീസ് സർജന്‍റെ നിഗമനവും കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. രണ്ടാമത്തെ കുട്ടിക്ക് 9 വയസ്സ് മാത്രമായിരുന്നു പ്രായമെങ്കിലും ആത്മഹത്യ എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിലവില്‍ കൊലപാതക സാധ്യത കേസിൽ നിലനില്‍ക്കില്ലെന്ന ഫോറൻസിക് കണ്ടത്തലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ കുട്ടികളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതിന് പിറകെയാണ് ഒന്നാംപ്രതിയും കുട്ടികളുടെ അമ്മയുമായുള്ള ബന്ധവും, ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ ആണെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാന പോലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ ഹർജി നൽകിയിരുന്നു. അതില്‍, അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാംപ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ജനുവരി 13 ന് 11 കാരിയായ മൂത്ത കുട്ടിയെയും , അതേവർഷം മാർച്ച് നാലിനു 9 വയസ്സുകാരിയായ ഇളയ കുട്ടിയെയും സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.