ലാവലിന്‍ : സി.ബി.ഐ നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, October 15, 2020

 

തിരുവനന്തപുരം: ലാവലിന്‍ കേസ്‌ വീണ്ടും മാറ്റിവയ്‌ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണെന്ന്‌ കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സിബിഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്‌. 2018 ന്‌ ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവലിന്‍ കേസ്‌ 20 തവണയാണ്‌ മാറ്റിവച്ചത്‌. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ്‌ ഇത്രയും തവണ മാറ്റിവയ്‌ക്കുന്നത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്‌.

ഈ മാസം ആദ്യവാരം കേസ്‌ പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന്‌ നിലപാടെടുത്ത സിബിഐ ആണ്‌ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്‌. ഇതിന്‌ പിന്നില്‍ സിപിഎം ബിജെപി ഇടപെടല്‍ ഉണ്ടെന്ന്‌ തന്നെ കരുതണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്‌. സിബിഐയുടെ സംശയാസ്‌പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തിലാണോ? ഏത്‌ ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത്‌ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.