ന്യൂഡൽഹി : കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കര്‍ശന ജാഗ്രത ആവശ്യമെന്ന് കേന്ദ്രം. രാജ്യത്ത് ഇതുവരെ ഡെൽറ്റ പ്ലസ് ബാധിച്ച 48 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ പ്ലസ് കേസുകള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. അലംഭാവം പാടില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ തുടരണമെന്നും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
20 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. തമിഴ്നാട് -9, മധ്യപ്രദേശ് – 7, കേരളം – 3, പഞ്ചാബ്, ഗുജറാത്ത് – 2, ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജമ്മു-കശ്മീർ -1 എന്നിങ്ങനെയാണ് രാജ്യത്ത് ഡെല്‍റ്റ പ്ലസ് കേസുകളുടെ എണ്ണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി ഡെൽറ്റ പ്ലസ് വകഭേദങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് അനുമതിയുള്ള കൊവിഡ് വാക്സിനുകൾ ഇതിനെതിരെ എത്രത്തോളം ഫലപ്രദമാകും എന്നതും പരിശോധിക്കും. ആശങ്കയുടെ വകഭേദമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡെല്‍റ്റ പ്ലസിനെ വിശേഷിപ്പിച്ചത്.