
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ് കവിയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ തുറന്നുപറഞ്ഞത്. സര്‍ക്കാരിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് തോല്‍വിയെന്ന് അദ്ദേഹം കുറിച്ചു. ക്രൈസ്തവ സമുദായത്തിന്റെ ആശങ്കകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.
അധികാരത്തിന്റെ ആത്മവിശ്വാസം അഹങ്കാരമായി പരിണമിച്ചു എന്നും, തങ്ങളെ സമീപിച്ച നിവേദനങ്ങളെയും ക്രിയാത്മകമായ വിമര്‍ശനങ്ങളെയും സര്‍ക്കാര്‍ ശത്രുതയോടെയാണ് കണ്ടതെന്നും ഫാദര്‍ ഫിലിപ് കവിയില്‍ വിമര്‍ശിച്ചു. ന്യൂനപക്ഷ സമുദായത്തിന് ഭരണത്തോടുണ്ടായിരുന്ന അസംതൃപ്തി ഈ തിരഞ്ഞെടുപ്പില്‍ പ്രകടമായി. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് വലിയ തിരിച്ചടിക്ക് കാരണമായി. ഇത്തരം വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടാണ് തോല്‍വിക്ക് വഴിവെച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ, നിലവിലെ പ്രതിപക്ഷത്തിന് ഭാവിയില്‍ ഭരണപക്ഷത്തേക്ക് വരാനുള്ള സാധ്യത അപ്രാപ്യമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകസഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി: ജനവിധി ഉയര്‍ത്തുന്ന ചില അടിസ്ഥാന വിഷയങ്ങള്‍ കാണാതെ പോകരുത്…
കേരളത്തിലെ അടുത്തകാലത്തെ ലോകസഭ-തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് നല്‍കിയ സന്ദേശം അതീവ ഗൗരവമുള്ളതാണ്. ഈ തിരിച്ചടി യാദൃശ്ചികമല്ല; അത് ഈ ഗവണ്മെന്റ്‌ന്റെ ഭരണരീതിയോടും സമീപനങ്ങളോടും ജനങ്ങള്‍ പ്രകടിപ്പിച്ച വ്യക്തമായ അസംതൃപ്തിയുടെ രാഷ്ട്രീയ രൂപമാണ്. ”ജനങ്ങളുടെ സര്‍ക്കാര്‍” എന്ന അവകാശവാദത്തിനും സാധാരണക്കാരന്റെ ജീവിതാനുഭവങ്ങള്‍ക്കും ഇടയില്‍ രൂപപ്പെട്ട അകലം തന്നെയാണ് വോട്ടര്‍മാര്‍ ബൂത്തിലൂടെ കൃത്യമായി പ്രതികരിച്ചതിലൂടെ പ്രകടമായത്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍, ഭരിക്കുന്ന പക്ഷത്തിന് ലഭിച്ച ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.
ഭരണതലത്തില്‍ ഉണ്ടായ കുറ്റകരമായ വീഴ്ചകളുടെയും സാധാരണ ജനങ്ങളുമായുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അകലം വര്‍ധിച്ചതിന്റെയും സ്വാഭാവിക ഫലമാണ് ഈ തോല്‍വി. അധികാരത്തിന്റെ അഹങ്കാരവും ജനവികാരങ്ങളെ അവഗണിക്കുന്ന ഭരണവര്‍ഗത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന സമീപനവും ഒടുവില്‍ ബാലറ്റിലൂടെ വ്യക്തമായ മറുപടിനല്‍കാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിതരാക്കി എന്നതാണ് സത്യം.
ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സാധാരണ ജനത്തിന്റെ പക്ഷത്തു നിന്ന് അവരുടെ വക്താക്കളായി കത്തോലിക്കാ കോണ്‍ഗ്രസ്സ് നടത്തിയ സജീവവും ധീരവുമായ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും, വിശ്വാസികളുടെ സാമൂഹ്യ-പൗരാവകാശങ്ങള്‍ ഉന്നയിക്കുന്ന, പൊതു സമൂഹത്തോട് ഉത്തരവാദിത്തമുള്ള, 107 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, സമുദായ സംഘടന എന്ന നിലയില്‍, ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശനാത്മകമായി ചോദ്യം ചെയ്യാന്‍ കത്തോലിക്കാ കോണ്‍ഗ്രസ്സ് മടിച്ചിട്ടില്ല.
സാമൂഹ്യനീതി, മതനിരപേക്ഷത എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍, ചില ഘട്ടങ്ങളില്‍ ന്യൂനപക്ഷ സമൂഹങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ സമുദായത്തിന്റെ, യഥാര്‍ത്ഥ ആശങ്കകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസ മേഖലയിലെ നിയമത്തിന്റെ നൂലാമാലകളില്‍ അള്ളിപ്പിടിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍, സഭാ- വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനാത്മകവും കുറ്റകരവുമായ ഇരട്ടതാപ്പു നിലപാടിലൂടെയുണ്ടായ പാളിച്ചകള്‍, കര്‍ഷകരുടെ ജീവല്‍ പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതില്‍ പുലര്‍ത്തിയ അക്ഷന്തവ്യമായ അലംഭാവം-ഇവയെല്ലാം ന്യൂനപക്ഷ സമൂഹങ്ങളില്‍ ആഴത്തിലുള്ള അസംതൃപ്തിയും മുറിവുകളും സൃഷ്ടിച്ചു.
സാധാരണക്കാരായ കര്‍ഷകരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും ഈ ജനവികാരം നിക്ഷ്പക്ഷമായി പൊതുജന വേദിയില്‍ അവതരിപ്പിക്കുന്നതില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സ് നിര്‍ണായക പങ്കുവഹിച്ചു. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ മതപരമോ സമുദായപരമോ ആയ പരിധിയില്‍ ഒതുങ്ങിയിരുന്നില്ല. വിദ്യാഭ്യാസ സ്വാതന്ത്ര്യം, ഭിന്നശേഷി വിഷയത്തിന്റെ പേരുപറഞ്ഞു ആയിരക്കണക്കിന് എയ്ഡഡ് അധ്യാപകരുടെ നിയമനങ്ങള്‍ വര്ഷങ്ങളായി പാസ്സാക്കാതിരുന്നത്, കര്‍ഷക പ്രശ്‌നങ്ങള്‍, സാമൂഹ്യനീതിയിലെ അസമത്വങ്ങള്‍, വന്യ ജീവി ആക്രമണങ്ങള്‍, അസംഘടിതരായ സാധാരണക്കാരോട് ഭരണകൂടം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കലര്‍ന്ന നിഷേധാത്മക സമീപനം-ഇവയെല്ലാം പൊതുസമൂഹത്തിന്റെ ആശങ്കകളായി ഉയര്‍ത്തിക്കാട്ടാന്‍ കത്തോലിക്കാ കോണ്‍ഗ്രസിന് സാധിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയങ്ങള്‍ വോട്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിച്ചുവെന്നതില്‍ സംശയമില്ല. ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ വിവേചനപരവും നിഷേധാത്മകവുമായ സമീപനം ഒരിക്കലും നീതീകരിക്കാനാവില്ല എന്ന സത്യം, ഈ തെരഞ്ഞെടുപ്പിലൂടെ വീണ്ടും വ്യക്തമാവുകയാണ്. ക്രൈസ്തവരുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് അവഗണിക്കപ്പെട്ടത്, ക്രൈസ്തവ സമൂഹത്തില്‍ ഗൗരവമായ നിരാശയും നിഷേധാത്മക നിലപാടും ഭരണവര്‍ഗത്തിനെതിരെ സൃഷ്ടിച്ചു.
ഈ നാടിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ ന്യൂനപക്ഷങ്ങളായിരുന്നാലും, ക്രൈസ്തവ സമുദായത്തിന് ഇന്നും കേരളീയ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഭരണകൂടങ്ങള്‍ തിരിച്ചറിയണം. പക്ഷപാതപരമായ സമീപനങ്ങള്‍ക്ക് പകരം, സാമൂഹ്യനീതിയിലും ഭരണഘടനാപരമായ മൂല്യങ്ങളിലും അധിഷ്ഠിതമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉറച്ച സ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
ക്രൈസ്തവ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഇടതുപക്ഷത്തിന് നേരിടേണ്ടിവന്ന തിരിച്ചടി പ്രത്യേകം ശ്രദ്ധിക്കപ്പെടണം. അതുപോലെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും, തൃശൂര്‍ ജില്ലയിലെ നഗരമേഖല, ചാലക്കുടി-ഇരിങ്ങാലക്കുട പ്രദേശങ്ങളിലും, സംസ്ഥാനത്തെ തീരദേശ മേഖലകളിലും ഉണ്ടായ തിരിച്ചടി ഒരു മേഖലാപരമായ തിരിച്ചടി മാത്രമല്ല സംസ്ഥാനവ്യാപകമായ ജനവികാരത്തിന്റെ ശക്തമായ പ്രതിഫലനമാണ് എന്ന യാഥാര്‍ഥ്യം കേവലം താത്വിക അവലോകനങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ആവില്ല.
ഈ മേഖലകളില്‍ ഒരേപോലെ ഉയര്‍ന്നുവന്ന വികാരം ഇതാണ്: ഭരണകൂടം ജനങ്ങളോട് സംവദിക്കുന്നത് കുറയുകയും, ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ക്രമേണ നിര്‍ത്തുകയും ചെയ്തു. അധികാരത്തിന്റെ ആത്മവിശ്വാസം അഹങ്കാരമായി മാറിയപ്പോള്‍, നിവേദനങ്ങളെയും വിമര്‍ശനങ്ങളെയും ശത്രുതയായി കാണുന്ന പ്രവണത ഭരണ തലങ്ങളില്‍ ശക്തമായി. ജനാധിപത്യത്തിന്റെ സ്വാഭാവിക ഘടകമായ സംവാദം മങ്ങിപ്പോയതാണ് ഇടതുപക്ഷത്തിന് എതിരായി മാറിയത്.
ന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകള്‍ കൈകാര്യം ചെയ്ത രീതിയിലും ഈ അകലം വ്യക്തമായി കാണാം. വിദ്യാഭ്യാസ രംഗത്തെ പക്ഷപാതപരമായ സര്‍ക്കാര്‍ നയങ്ങള്‍, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള തീവ്രവാദ നിലപാടുകരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന സമീപനങ്ങള്‍, സഭ യുടെയും സമുദായ ത്തിന്റെയും നേതൃത്വവുമായുള്ള ആശയവിനിമയത്തിലെ പാളിച്ചകള്‍, ന്യൂനപക്ഷ ങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍-ഇവയെല്ലാം ക്രൈസ്തവ സമൂഹത്തില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ പോലും കാലങ്ങളായി പ്രസിദ്ധീകരിക്കപ്പെടാതെ ഫയലുകളില്‍ ഒതുങ്ങിയതോടെ, ”ന്യൂനപക്ഷ സൗഹൃദം” എന്ന രാഷ്ട്രീയ മുദ്രാവാക്യം വാക്കുകളില്‍ മാത്രമാണെന്ന ബോധ്യം ക്രൈസ്തവ സമുദായ ങ്ങളില്‍ ശക്തമായി.
മലയോര മേഖലകളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി പ്രതിഫലിച്ചു. കിരാതമായ വനനിയമങ്ങളുടെ കര്‍ശനമായ പ്രയോഗം, വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാത്തത്, കര്‍ഷകരുടെ കടബാധ്യത, വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥ-ഇവയൊക്കെയും കര്‍ഷക സമൂഹത്തെ കടുത്ത നിരാശയിലാക്കി. കര്‍ഷകന്റെ പ്രശ്‌നം ചര്‍ച്ചകളില്‍ ഉണ്ടെങ്കിലും, പരിഹാരം ജീവിതത്തില്‍ കാണാനില്ലെന്ന വികാരമാണ് സര്‍ക്കാരിനെതിരായ വോട്ടായി മാറിയത്.
തീരദേശ മേഖലകളില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്‌നങ്ങളും കണ്ണില്‍ പൊടിയിടുന്ന വിധത്തിലുള്ള സര്‍ക്കാര്‍ പദ്ധതികളോടുള്ള അവിശ്വാസവും ശക്തമായി പ്രകടമായി. വികസനം എന്ന പേരില്‍ അവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നയങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍, സംരക്ഷണത്തിന്റെ ശബ്ദം കേള്‍ക്കാത്തത് ജനങ്ങളെ ഭരണവര്‍ഗ്ഗ ങ്ങളില്‍ നിന്ന് അകറ്റി. നഗരമേഖലകളില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന ജീവിതച്ചെലവും തൊഴില്‍ രംഗത്തെ അനിശ്ചിതത്വവും മധ്യവര്‍ഗ്ഗത്തെ ബാധിച്ചപ്പോള്‍, ഭരണകൂടത്തിന്റെ പ്രതികരണവും ഇടപെടലും അപര്യാപ്തമാണെന്ന തോന്നലും വളര്‍ന്നു വന്നു.
ഇടതുപക്ഷത്തിന്റെ ശക്തിയായിരുന്ന സംഘടനാ സംവിധാനങ്ങള്‍ പോലും ചില ഘട്ടങ്ങളില്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനവും ഉയരുന്നു. പാര്‍ട്ടി വേദികളിലെ വിലയിരുത്തലുകളും ജനങ്ങളുടെ മനസ്സിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഈ തെരഞ്ഞെടുപ്പ് തുറന്നുകാട്ടി.
എന്നാല്‍ ഈ തിരിച്ചടി ഒരു അവസാനവാക്കല്ല; ഇരു പക്ഷങ്ങള്‍ക്കും ലഭിച്ച ഒരു അവസരമാണ്. ആത്മപരിശോധന നടത്താനും, അഹങ്കാരത്തിന്റെ ശബ്ദം താഴ്ത്തി ജനങ്ങളുടെ ശബ്ദം കേള്‍ക്കാനും, വിമര്‍ശനങ്ങളെ ശത്രുതയായി കാണാതെ ജനാധിപത്യത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകരിക്കാനും ഈ ജനവിധി വിവിധ രാഷ്ട്രീയ മുന്നണികളെ ക്ഷണിക്കുന്നു. അധികാരത്തിന്റെ ഭാഷയില്‍ നിന്ന് സംവാദത്തിന്റെ ഭാഷയിലേക്കു മാറിയാല്‍ മാത്രമേ നഷ്ടപ്പെട്ട വിശ്വാസം ഭരണപക്ഷത്തിനു വീണ്ടെടുക്കാനാകൂ. അതുപോലെ ജനങ്ങളുടെ വികാരങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി സാധാരണക്കാര്‍ക്ക് വേണ്ടി ശക്തമായ നിലപാട് എടുക്കുകയും ജനോപകാരപ്രദമായ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പില്‍ വരുത്തുമെന്നുള്ള ഉറപ്പുനല്‍കുകയും ചെയ്താല്‍ മാത്രമേ പ്രതിപക്ഷത്തിന് ഭരണപക്ഷത്തേക്കുള്ള യാത്ര സുഗമമാവുകയുമുള്ളൂ.
കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു: ഭരണം ആരുടെയെങ്കിലും കുത്തകയല്ല; അത് ജനങ്ങളുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉത്തരവാദിത്തമാണ്. സമഭാവനയും സഹിഷ്ണുതയും സാമൂഹ്യനീതിയും പുലര്‍ത്തുന്ന ഭരണമാണ് കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യം. ഈ ജനവിധിയെ വിനയത്തോടെ സ്വീകരിച്ച്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ ഇടതുപക്ഷം തയ്യാറായാല്‍ അവര്‍ക്കു കൊള്ളാം. ഇപ്പോള്‍ കിട്ടിയ വിജയത്തില്‍ മതിമറന്ന് അമിതമായി ആഹ്ലാദിച്ച് അലസരായി കഴിയാതെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ക്കണ്ട് ജനകീയ അടിത്തറയുണ്ടാക്കുന്ന വിധത്തില്‍ ഒറ്റക്കെട്ടായി ജനനന്മയെ കരുതി പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിലേക്കുള്ള മാറ്റം അപ്രാപ്യമായിരിക്കുകയില്ല.
ഫാ. ഫിലിപ്പ് കവിയില്‍
ഗ്ലോബല്‍ ഡയറക്ടര്‍
കത്തോലിക്കാ കോണ്‍ഗ്രസ്