പൂച്ച കടിയേറ്റ് ചികിത്സ തേടാനെത്തി; ആശുപത്രിയില്‍ വെച്ച് നായ കടിച്ചു

Jaihind Webdesk
Friday, September 30, 2022

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റ് വാക്‌സിനെടുക്കാനെത്തിയ യുവതിക്ക് ആശുപത്രിയില്‍ വെച്ച്  പട്ടി കടിയേറ്റു. വിഴിഞ്ഞം സ്വദേശിനിയായ അപര്‍ണയ്ക്കാണ് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നായയുടെ കടിയേറ്റത്. അപര്‍ണയുടെ കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

നായ ആശുപത്രിയിലെ സ്ഥിരം സാന്നിധ്യമാണെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഇവിടെയുള്ളവർ പറയുന്നത്. എന്നാല്‍ നായയ്ക്ക്‌ പേവിഷത്തിനെതിരായ വാക്‌സിനെടുത്തിരുന്നില്ല. അലഞ്ഞുതിരിയുന്ന നായ ആയതിനാല്‍ കടിയേറ്റ യുവതി നിരീക്ഷണത്തിലാണ്.

അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കുന്ന അവസ്ഥയിലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ദിവസവും നിരവധി പേര്‍ക്കാണ് നായ കടി ഏല്‍ക്കുന്നത്. എത്രയും വേഗം നായശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.