കലാമണ്ഡലം സത്യഭാമക്കെതിരെ ജാതീയ അധിക്ഷേപ കേസ്: കുറ്റപത്രം സമർപ്പിച്ചു

Jaihind News Bureau
Saturday, February 15, 2025

തിരുവനന്തപുരം: കൻ്റോൺമെന്‍റ് പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ, കലാമണ്ഡലം സത്യഭാമക്കെതിരെ എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരം കുറ്റപത്രം തയ്യാറാക്കി. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. അഭിമുഖം പ്രചരിപ്പിച്ചതിൽ അദ്ദേഹത്തിന്‍റെ പങ്ക് പരിശോധിച്ചാണ് ഈ നടപടി. നടൻ സിദ്ധാർഥ് അടക്കം 20 സാക്ഷികളെയാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം തിരുവനന്തപുരം എസ്.സി./എസ്.ടി. കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് തീരുമാനം.

2023ല്‍, പ്രശസ്ത നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭിമുഖത്തില്‍, സത്യഭാമ രാമകൃഷ്ണന്റെ ജാതിയെ കുറിച്ച് അപകര്‍ഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും വിവാദങ്ങള്‍ കെട്ടടങ്ങാതെ നിന്നപ്പോഴും മാപ്പ് പറയാന്‍ പോലും അവര്‍ തയാറായില്ല എന്നുള്ളതും ഈ സംഭവത്തെ രാമകൃഷ്ണന് നിയമപരമായ നടപടികള്‍ എടുക്കാനും അതുവഴി കേസ് രജിസ്റ്റര്‍ ചെയ്യാനും കാരണമായി. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറം എന്നതായിരുന്നു ആദ്യത്തെ പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണനെപോലെ മറ്റൊരു കലാകാരനില്ല.അതിനാല്‍ തന്നെയാണ് അധിക്ഷേപം നടത്തിയത് രാമകൃഷ്ണനെതിരെ തന്നെയെന്ന് ഉറപ്പിച്ചത്. പോരാത്തതിന് പഠിച്ചത് ഒന്ന് പഠിപ്പിച്ചത് മറ്റൊന്ന് എന്നും പരാമര്‍ശത്തില്‍ കൂട്ടിച്ചേര്‍ത്തു. രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ പഠിച്ചത് എം.എ ഭരതനാട്യം എന്നാല്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒപ്പം മരണപ്പെട്ട അതുല്യ പ്രതിഭ കെ.പി.എസി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നും പറഞ്ഞു.നടിയുടെ മകന്‍ സിദ്ധാര്‍ഥിന്റെ മൊഴിയില്‍ നിന്നും അമ്മയുമായി കലഹിച്ചത് രാമകൃഷ്ണന്‍ തന്നെയെന്ന് വ്യക്തമായി. ഇതെല്ലാം കൊണ്ട് തന്നെയാണ് ഇത്രയധികം വാദപ്രതിവാദങ്ങള്‍ സത്യഭാമയ്‌ക്കെതിരെ ഉയര്‍ന്നത്. താന്‍ രാമകൃഷ്ണനെയല്ല ഉദ്ദേശിച്ചത് എന്ന വാദവുമായി സത്യഭാമ എത്തിയെങ്കിലും അത് വില പോകുന്ന തെളിവുകളല്ല പോലീസിന് ലഭിച്ചത്. സത്യഭാമയ്ക്ക് അദ്ദേഹത്തോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേരളകലാമണ്ഡലം നൃത്തവിഭാഗത്തില്‍ ഒരു പുരുഷന്‍ അധ്യാപനത്തിന് നിയമിക്കപ്പെടുന്നത്. ചരിത്രം സൃഷ്ടിച്ചു നില്‍ക്കുമ്പോഴാണ് നിയമപോരാട്ടത്തിനൊടുവില്‍ രാമകൃഷ്ണന് നീതി ലഭിക്കുന്നത്.
ഈ സംഭവം, കലാരംഗത്തുള്ള ജാതീയ വിവേചനത്തിന്‍റെ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസവും കലാപരിപാലനവും ഉൾപ്പെടുന്ന മേഖലകളിൽ സമത്വവും മാനവികതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള ആവശ്യകത ഈ സംഭവത്തിലൂടെ വ്യക്തമാകുന്നു.