കഠിനംകുളം പീഡനക്കേസിൽ ഭര്‍ത്താവിനെതിരെ യുവതിയുടെ മൊഴി; പീഡനത്തിന് ഒത്താശ ചെയ്യാൻ ഭർത്താവ് പണം വാങ്ങിയതായി സംശയം

Jaihind News Bureau
Friday, June 5, 2020

തിരുവനന്തപുരത്ത് ഭർത്താവിന്‍റെ സഹായത്തോടെ സുഹൃത്തുക്കൾ ബലാത്സംഗം ചെയ്ത യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. യുവതിയെ പീഡിപ്പിക്കുന്നതിന് ഒത്താശ നൽകാൻ ഭർത്താവ് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളിൽ ഒരാൾ പണം നൽകുന്നത് കണ്ടതായി യുവതി മൊഴി നൽകി. ഭർത്താവ് ഉൾപ്പെടെ 5 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിനിരയായ സ്ഥലത്തു നിന്നും നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു.

കേസിൽ യുവതിയുടെ ഭർത്താവ് , സുഹൃത്തുക്കളായ രാജൻ, മൻസൂർ, അക്ബർ ഷാ, അർഷാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. അതിനിടെ പീഡിപ്പിക്കുന്നതിന് ഒത്താശ നൽകാൻ ഭർത്താവ് പണം വാങ്ങിയതായി യുവതി മൊഴി നൽകി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടതായാണ് യുവതിയുടെ മൊഴി. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. മദ്യം നൽകിയും മർദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി പറയുന്നു.

അതേസമയം, പ്രധാന പ്രതി നൗഫൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ കടത്തികൊണ്ട് പോയ ഓട്ടോയുടെ ഉടമ നൗഫലാണ്. പ്രതികൾ സഞ്ചരിച്ച ഓട്ടോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകനെ ഉപദ്രവിച്ചതിനാൽ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ക്ക് പുറമേ പോക്സോയും ചുമത്തും. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.