അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള കേസുകളും സില്‍വർ ലൈനും: കെ മുരളീധരന്‍ എംപി

Jaihind Webdesk
Monday, September 5, 2022

 

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചതിന് പിന്നില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയും മുഖ്യമന്ത്രിയുടെ പേരിലുള്ള കേസുകളുമെന്ന് കെ മുരളീധരന്‍ എംപി. പാർലമെന്‍റില്‍ നിരന്തരം നെഹ്റുവിനെ വിമർശിക്കുന്ന അമിത് ഷായെ ക്ഷണിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. സിൽവർ ലൈനിന് പാലമിടാനുള്ള നീക്കാമാണിതെന്നും എന്ത് വില കൊടുത്തും സില്‍വർ ലൈന്‍ നടപ്പാക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കെന്നും കെ മുരളീധരന്‍ എംപി വിമർശിച്ചു.

“സിൽവർലൈൻ വേണ്ടി കുറ്റിയിട്ട സ്ഥലങ്ങളിൽ ജനങ്ങൾക്ക് വില്‍പനയ്ക്കോ ലോൺ വാങ്ങാനോ കഴിയുന്നില്ല. പദ്ധതി മുന്നോട്ടുപോകുന്നില്ല എന്ന ധാരണയിലാണ് താല്‍ക്കാലികമായി സമരങ്ങൾ നിർത്തിവെച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരള അതിർത്തി കഴിഞ്ഞതിനു ശേഷം യുഡിഎഫ് തുടർനടപടികൾ ആലോചിക്കും. സില്‍വർ ലൈന്‍ എന്ന അതിമോഹം മുഖ്യമന്ത്രി ഉപേക്ഷിച്ചു എന്ന് പറയുന്നത് വരെ ശക്തമായ എതിർപ്പുമായി യുഡിഎഫ് ഉണ്ടാകും” – കെ മുരളീധരന്‍ പറഞ്ഞു.

വിഴിഞ്ഞം സമരം വഷളാക്കിയത് മുഖ്യമന്ത്രി:

വിഴിഞ്ഞം സമരം വഷളാക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധന്‍ എംപി കുറ്റപ്പെടുത്തി. തുടക്കത്തിൽ തന്നെ ഇടപെട്ട് യുഡിഫ് സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതി പൂർത്തിയാക്കിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. പദ്ധതി നിർത്തിവെക്കണമെന്ന് പറഞ്ഞിട്ടില്ല.  മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രദേശവാസികളെ പ്രകോപിപ്പിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ജനങ്ങളെ സർക്കാർ വെല്ലുവിളിക്കയും പാക്കേജുകൾ നടത്താതെയും വന്നപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി. മുഖ്യമന്ത്രി നേരിട്ട് ഇടപെടേണ്ട വിഷയമാണിത്. ദുരഭിമാനം ആയി ഇതിനെ കാണാതെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണം. വികസനം വേണമെന്നും എന്നാല്‍ അതിൽ മത്സ്യ തൊഴിലാളികളുടെ കണ്ണീർ ഉണ്ടാകരുത്. ജനങ്ങളുമായി യുദ്ധത്തിന് പോവുകയല്ല, അവരുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടത്. വീടിന്‍റെ കാര്യത്തിൽ വ്യക്തത ഉണ്ടാകണം. വിഷയത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയില്‍ ഓണത്തിന് മുമ്പ് ശമ്പളം നല്‍കണം:

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകാൻ തീരുമാനം എടുക്കണം. കൂപ്പൺ കൊണ്ട് യാതൊരു കാര്യവുമുണ്ടാകില്ല.  ശേഷം പ്രതിസന്ധി തീർക്കാൻ തയാറാകണമെന്നും കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.