സുനന്ദ പുഷ്‌ക്കറിന്‍റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ പരസ്യപ്പെടുത്തിയതിന് മാധ്യമ പ്രവർത്തകനായ അർണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ശശി തരൂരിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡെൽഹി പൊലീസിന് പട്യാല ഹൗസ് കോടതിയാണ് നിർദേശം നൽകിയത്. കുറ്റപത്രം സമർപ്പിക്കും മുൻപ് സുനന്ദയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഗോസ്വാമിക്ക് കിട്ടിയതിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഗോസ്വാമി നേരായ വഴിക്കല്ല റിപ്പോർട്ടുകൾ സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. രേഖകൾ മോഷ്ടിച്ചെന്നാണ് സാഹചര്യ തെളിവുകളിൽ നിന്നും വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഗോസ്വാമിക്കെതിരെ മോഷണകുറ്റത്തിന് കേസെടുക്കാൻ സരോജിനി നഗർ പൊലീസിന് കോടതി നിർദ്ദേശം നൽകിയത്.