വര്‍ഗീയതയുടെ സഹവാസി; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം: ഷാഫി പറമ്പില്‍

Jaihind Webdesk
Saturday, April 30, 2022

 

പി.സി ജോര്‍ജിനെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. വര്‍ഗീയതയുടെ സഹവാസിയാണ് പി.സി ജോര്‍ജെന്നും തമ്മിലടിപ്പിക്കല്‍ പി.സി തൊഴിലാക്കിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.

 

അതേസമയം സംഭവത്തിൽ പി.സി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. ഡിജിപിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നൽകി.  ഹിന്ദു മഹാപരിഷത്തിന്‍റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു പി.സി ജോര്‍ജിന്‍റെ വിവാദപ്രസംഗം.

“കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലീങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു” – തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോർജ് പ്രസംഗത്തില്‍ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.