കുഞ്ഞ് വഴിയിൽ വീണ സംഭവം; കുഞ്ഞിന്‍റെ മാതാപിതാക്കൾക്കെതിരെ കേസെടുത്തു

Jaihind News Bureau
Tuesday, September 10, 2019

മൂന്നാർ രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും കുഞ്ഞ് വീണ സംഭവത്തിൽ കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മാതാപിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് ഇങ്ങനെയൊരു കേസെടുത്തിരിക്കുന്നത്.

ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കമ്പിളികണ്ടം സ്വദേശി കളുടെ പത്തു മാസം പ്രായമുളള കുഞ്ഞിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്. മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വീട്ടിലെത്തിയപ്പോൾ ആണ് അപകട വിവരം മാതാപിതാക്കൾ അറിഞ്ഞത്.

കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടയിൽ രാത്രി 10 മണിയോടെയാണ് കുട്ടി വാഹനത്തിൽ നിന്ന് വീണത്. രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്‍റെ അരികിലിരുന്ന മാതാവിന്‍റെ കൈയ്യില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ നിരീക്ഷണ ക്യാമറയിൽ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടു ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തി.

ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോൾ ആണ് കുട്ടി ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസിൽ അറിയിക്കുകയും മൂന്നാറിലെ ആശുപത്രിയിൽ വെച്ചു കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്.