പശുവിനെ അപമാനിച്ചതിന്റെ പേരില്‍ കേരളത്തിലും കേസ്; ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ കേസെടുത്ത് പിണറായിയുടെ പോലീസ്

കാഞ്ഞങ്ങാട്: പശുവിനെ അപമാനിച്ചുവെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്ന് യുവാവിനെതിരെ കേരള പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ഡിവൈഎസ്പി സജീവിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് അന്വേഷിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ളവര്‍ ഒരു കടയിലിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനിടെയിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചപ്പോള്‍ പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിക്കുകയായിരുന്നു. ഇതിനു പിന്നാലെ തര്‍ക്കം ഉണ്ടാകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഹിന്ദുദൈവങ്ങളായ ശ്രീരാമനും ശ്രീകൃഷ്ണനും ദൈവമല്ലെന്ന് പറഞ്ഞെന്നും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും സാജന്‍ പറഞ്ഞെന്ന് ചന്ദ്രന്‍ പരാതിയില്‍ പറയുന്നു. ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളെയും വെറുതെ വിടില്ലെന്നും പറഞ്ഞ് സാജന്‍ വര്‍ഗീയമായി അധിക്ഷേപിച്ചെന്നും ചന്ദ്രന്റെ പരാതിയില്‍ പറയുന്നുണ്ട്. വര്‍ഗീയ വിദ്വേഷമുണ്ടാക്കാനാണ് സാജന്‍ ഇങ്ങനെ ചെയ്തതെന്നാണ് ചന്ദ്രന്റെ ആരോപണം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതി വെള്ളരിക്കുണ്ട് പോലീസിന് കൈമാറി 153 എ വകുപ്പ് പ്രകാരം എസ് ഐ സാജനെതിരെ കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

kerala policekeralamcow politics
Comments (0)
Add Comment