തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ ആസൂത്രിതമായി കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ആദ്യം അപകടമരണം എന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രിയരഞ്ജന്‍.
ഇയാള്‍ പുളിങ്കോട് ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം നടന്നത്. 2023 ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് ആദിശേഖര്‍ മരിച്ചത്. കേസില്‍ നാളെയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
പ്രതി മുന്‍കൂട്ടി പദ്ധതിയിട്ട കൊലയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടിയില്‍ നിന്ന് തന്റെ സൈക്കിള്‍ വാങ്ങി കയറുന്നതിനിടെ പിന്നാലെ വന്ന പ്രതി ആദിശേഖറിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്.