പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്ന് പ്രതികള്‍ക്ക് 90 വർഷം തടവ്

Jaihind Webdesk
Tuesday, January 30, 2024

 

ഇടുക്കി: പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് 90 വർഷം വീതം തടവ്. തമിഴ്നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവർക്കാണ് തടവുശിക്ഷ വിധിച്ചത്. ദേവികുളം അതിവേഗ സ്പെഷ്യൽ കോടതിയാണ് വിധി പറഞ്ഞത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ അനുസരിച്ചാണ് പതിനാറുകാരിയെ കൂട്ടബാലത്സംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം കഠിന തടവ് വിധിച്ചത്. പ്രതികൾ 40,000 രൂപ പിഴ അടയ്ക്കണം. ശിക്ഷ 25 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. സാഹചര്യ തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതിയായ ഒരാളെ വെറുതെ വിട്ടിരുന്നു.

2022 മെയ് 29 ന് പൂപ്പാറയിൽ വെച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കുമ്പോൾ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.