POLICE ARREST| ഷാഫി പറമ്പില്‍ എം.പിയെ തടഞ്ഞ കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Jaihind News Bureau
Thursday, August 28, 2025

കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ റോഡില്‍ തടഞ്ഞ ഡിവൈഎഫ്‌ഐ അക്രമത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ഖിഫിലിന്റെ പരാതിയിലും കേസെടുത്തു. ദുല്‍ഖിഫിലിനെ അക്രമിച്ച കേസില്‍ 8 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം നടത്തും. ഷാഫിയെ തടഞ്ഞാല്‍ മന്ത്രിമാരെ റോഡിലിറക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.

കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നിന്ന് നീക്കിയത്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ചീത്തവിളിക്കുകയും ആഭാസത്തരം കാണിക്കുകയും ചെയതാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. പോലീസ് നോക്കി നില്‍ക്കവെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. പോലീസിന്റെ മൗനാനുവാദത്തോടുകൂടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.