തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഗണ്‍മാന്‍മാരായ അനില്‍, സന്ദീപ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇവരെ ചോദ്യം ചെയ്തത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണെന്നും അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നതെന്നുമാണ് ഇവർ നല്‍കിയിരിക്കുന്ന മൊഴി.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയാണ് ഗണ്‍മാന്‍മാര്‍ തല്ലിയത്. അക്രമം നടന്നു അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ നടന്നത് അതീവ രഹസ്യമായി. ഇതിന് മുമ്പും ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവർ ഹാജരായിരുന്നില്ല.
കഴിഞ്ഞ ഡിസംബർ 15 നായിരുന്നു സംഭവം. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് എ.ഡി.തോമസ് എന്നിവരെയായിരുന്നു മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്. ജനറൽ ആശുപത്രി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. അനിൽകുമാറിനും എസ്.സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രതികള്‍.