‘കേസ് നടത്തിപ്പ് സ്വന്തം ചിലവില്‍ മതി, യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്ന് വേണ്ട’; ചാൻസിലർക്കെതിരെ കേസിനായി വിസിമാർ ചെലവിട്ട 1.13 കോടി തിരിച്ചടയ്ക്കണമെന്ന് ഗവർണറുടെ ഉത്തരവ്

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: ചാൻസിലർക്കെതിരെ കേസ് നടത്താൻ വൈസ് ചാന്‍സിലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടയ്ക്കണമെന്ന് ഗവർണർ. ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് ഗവർണറുടെ ഉത്തരവ്. വിസിമാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാർ ഉടനടി തിരിച്ചടച്ച് റിപ്പോർട്ട്‌ ചെയ്യണമെന്നുമാണ് ചാന്‍സിലർ കൂടിയായ ഗവർണറുടെ ഉത്തരവ്. വിസി നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ സർവകശാല വിസിമാരെ ഗവർണർ പുറത്താക്കിയിരുന്നു.

ഗവർണർ വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് എട്ട് സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ ഗവർണർക്കെതിരെ നിയമ പോരാട്ടം നടത്തിയത്. സർവകലാശാല ഫണ്ട് ഉപയോഗിച്ചായിരുന്നു ഈ നിയമ പോരാട്ടം. ഏറെക്കാലം നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഗവർണർ വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന്  ഇവരെ നീക്കിയിരുന്നു. ഒരുകോടി 13 ലക്ഷം രൂപയാണ് വിവിധ സർവകലാശാലകൾ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 69 ലക്ഷം രൂപയാണ് ഇദ്ദേഹം ചിലവഴിച്ചത്. കുഫോസ് വി സി 36 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. ഇത്തരത്തിൽ ചിലവാക്കിയ തുക ഇവരിൽനിന്ന് തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കുവാനാണ് നിലവിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ വീണ്ടും നിയമ പോരാട്ടത്തിലേക്ക് നീങ്ങും.