വിജയ്.പി.നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്ക് ജാമ്യമില്ല ; രൂക്ഷവിമർശനവുമായി കോടതി

Jaihind News Bureau
Friday, October 9, 2020

തിരുവനന്തപുരം: യുട്യൂബര്‍ വിജയ്.പി.നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന  വാദമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണയാകുമെന്ന വാദം കോടതി അംഗീകരിച്ചു. അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ  രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാവില്ല. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.  സംസ്കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും കോടതി.