ബസുകള്‍ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധം; യുപി പിസിസി അധ്യക്ഷനെതിരെ വീണ്ടും കേസ്; പ്രതികാരനടപടിയുമായി യോഗി സര്‍ക്കാര്‍

Jaihind News Bureau
Wednesday, May 20, 2020

കുടിയേറ്റ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ബസുകള്‍ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നോയിഡ, ഗാസിയാബാദ് അതിര്‍ത്തിയിലുളള ബസുകള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം വരെ ബസുകള്‍ അവിടെ തന്നെ ഉണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസതിക്കയച്ച കത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് രാജസ്ഥാനിൽ നിന്നും കുടിയേറ്റ തൊഴിലാളികളുമായി കോണ്‍ഗ്രസ് ഒരുക്കിയ ബസുകൾ ഉത്തർ പ്രദേശ് അതിർത്തിയിൽ എത്തിയത്. ബസുകൾ എത്തി മൂന്ന് ദിവസമായിട്ടും സർവിസ് നടത്താൻ ഉത്തർ പ്രദേശ് സർക്കാർ അനുമതി  നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകണം എന്നാവശ്യപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തൊഴിലാളികളെ സഹായിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ വ്യക്തമാക്കി. ഇന്നലെ സർക്കാർ നിർദ്ദേശം അനുസരിച്ചയിരുന്നു 1000 ബസുകൾ നോയിഡ ഗാസിയാബാദ് അതിർത്തികളിലെത്തിച്ച് കൈമാറാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാൽ അതിർത്തിയിലേക്കുള്ള യാത്ര മധ്യേ ബസുകൾ ആഗ്രയിൽ വച്ച് യു പി പൊലീസ് തടഞ്ഞു.

ഇത് ചോദ്യം ചെയ്തതിനാണ് അജയ് കുമാർ ലല്ലുവിനെതിരെ  പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസുകൾക്ക് സംസ്ഥാനത്ത് സർവിസ് നടത്താൻ അനുമതി നൽകാൻ തയാറാണ് എന്ന് തിങ്കളാഴ്ച സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ എത്തിക്കാൻ സജ്ജമാക്കിയ 1000 ബസുകളുടെ ലിസ്റ്റ് കോൺഗ്രസ്‌ യു.പി സർക്കാരിന് കൈമാറിയതാണ്. എന്നാൽ പിന്നീട് സർക്കാർ നിലപാട് മാറ്റുക ആയിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് പ്രിയങ്കാ ഗാന്ധി ഒരുക്കിയ ബസ് സേവനം നിഷേധിക്കാൻ ശ്രമിച്ച യോഗി ആദിത്യനാഥ് സർക്കാരിന്റെ സമീപനം മനുഷ്യത്വo ഇല്ലായ്മയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.