രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ ഭൂമി കയ്യേറ്റം ; ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്


ലക്നൗ : ഭൂമി കൈയേറ്റ കേസ് ആരോപിച്ച മാധ്യമപ്രവർത്തകനും മറ്റ് രണ്ട് പേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് 18 കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവും രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരൻ സഞ്ജയ് ബൻസലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകനായ വിനീത് നരേൻ, അൽക ലഹോതി, രജനിഷ് എന്നിവർക്കെതിരെയാണ് കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

സഞ്ജയ് ബൻസലിയാണ് അയോധ്യയിലെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആരോപണങ്ങൾ നേരിടുന്നത്. ആരോപണങ്ങളെക്കുറിച്ച് ബിജ്‌നോർ പൊലീസ് മേധാവി ഇതിനകം ചമ്പത് റായ്ക്കും സഹോദരന്മാർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറയുന്നു.

വിഎച്ച്പി നേതാവിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് മൂന്നുപേർക്കുമെതിരായ ആരോപണം. മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുക, തെറ്റായ തെളിവുകൾ നൽകൽ, വഞ്ചന, അതിക്രമം എന്നിവ ആരോപിച്ചാണ് മൂവർക്കുമെതിരെ എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസം മുൻപ് വിനീത് നരേൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ചമ്പത് റായ് തന്റെ സഹോദരന്മാർക്ക് ബിജ്‌നോറിൽ ഭൂമി പിടിച്ചെടുക്കാൻ സൗകര്യമൊരുക്കിയെന്ന് ആരോപിച്ചിരുന്നു. അൽക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഒരു പശു വളർത്തൽ കേന്ദ്രത്തിൽ 20,000 ചതുരശ്ര മീറ്റർ സ്ഥലം പിടിച്ചെടുക്കാൻ ചമ്പത് റായ് തന്റെ സഹോദരങ്ങളെ സഹായിച്ചതായും പോസ്റ്റിൽ നരേൻ ആരോപിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ 2018 മുതൽ അൽക ലഹോതി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചതായും പോസ്റ്റിൽ പറഞ്ഞിരുന്നു.

 

Comments (0)
Add Comment