വനിതാ ടിടിഇയെ പിടിച്ചുതള്ളി, അസഭ്യം പറഞ്ഞു; അർജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Jaihind Webdesk
Monday, January 16, 2023

 

കോട്ടയം: സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പോലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് ആയങ്കിക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തത്. ടിക്കറ്റ് പരിശോധകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ആർപിഎഫ് എസ്.ഐ റെജി പി ജോസഫാണ് അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ഞായറാഴ്ച രാത്രി 11 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാന്ധിധാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ  ജനറൽ ടിക്കറ്റുമായാണ് അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത്. ഇത് ചോദ്യം ചെയ്ത വനിതാ ടിടിഇയോടാണ് ആയങ്കി മോശമായി പെരുമാറിയത്. ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു.

തുടർന്ന് ടിക്കറ്റ് പരിശോധക കോട്ടയം റെയിൽവേ പോലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അർജുനൻ ആയങ്കിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ആയങ്കിക്കെതിരെ കോട്ടയം പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.