അന്‍വറിനെതിരെ കേസ്; കലാപാഹ്വാനം നടത്തിയ എം.വി ഗോവിന്ദനെതിരെ നടപടിയില്ല

Jaihind Webdesk
Sunday, September 29, 2024

തിരുവനന്തപുരം: കേസുകളെടുക്കുന്നതില്‍ കേരള പോലീസ് ഒട്ടും പിന്നിലല്ല. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു. എന്നാല്‍ അന്‍വറിനെതിരെ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

‘പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍’ രംഗത്തിറങ്ങണമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തി സിപിഎം പ്രവര്‍ത്തര്‍ത്തകര്‍ രംഗത്ത് വന്നത്. ‘ഗോവിന്ദന്‍ മാഷൊന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും’ എന്നായിരുന്നു അന്‍വറിനെതിരെ ഉയര്‍ത്തിയ കൊലവിളി മുദ്രാവാക്യം. അന്‍വറിന്റെ കോലവും സിപിഎം അണികള്‍ കത്തിച്ചിരുന്നു.

പരസ്യമായി അന്‍വറിനെതിരെ പ്രവര്‍ത്തകരെ ഇളക്കിവിട്ട സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ സംസ്ഥാന പൊലീസ് ചെറുവിരല്‍ അനക്കിയിട്ടില്ല. ഇടത് ഭരണത്തിന്‍ തണലില്‍ എംവി. ഗോവിന്ദന്‍ സുരക്ഷിതനാണ് എന്ന് ചുരുക്കം. സിപിഎം പിന്തുടരുന്ന അക്രമ രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യമാണ് അണികളില്‍ നിന്നും ഉയര്‍ന്നത് എന്ന വിമര്‍ശനം സമൂഹത്തിന്റെ വിവിധ കോണകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

അതെ സമയം ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ വകുപ്പാണ് എഫ്‌ഐആറിലുള്ളത്. നിയമത്തിന് വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു. അന്‍വറിനും എംവി ഗോവിന്ദനും രണ്ടു നീതിയാണോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.