
അമേരിക്കയില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് വന്‍ അപകടം. കെന്റക്കിയിലെ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകിട്ട് 5:15-ഓടെയാണ് സംഭവം.
യു.പി.എസ് ലോജിസ്റ്റിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള, 1991-ല്‍ നിര്‍മ്മിച്ച ഡഗ്ലസ് എം.ഡി.-11 എന്ന കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിന് സമീപമുള്ള നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് വന്‍ തീപിടുത്തവും സ്‌ഫോടനവും ഉണ്ടായി. ഇത് സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കി.
വിമാനത്തില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകാനിരുന്ന വിമാനത്തില്‍ രണ്ട് ലക്ഷത്തി എണ്‍പതിനായിരം ഗാലണ്‍ (ഏകദേശം 10,60,000 ലിറ്റര്‍) ഇന്ധനം ഉണ്ടായിരുന്നതിനാല്‍, അപകടത്തിന് പിന്നാലെ വന്‍ തീഗോളമായാണ് വിമാനം കത്തിയത്.
അപകടത്തെ തുടര്‍ന്ന് ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടി. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു