
കാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിനെ നടുക്കി പുലര്‍ച്ചെയുണ്ടായ ശക്തമായ സ്‌ഫോടന പരമ്പരകള്‍. പ്രാദേശിക സമയം പുലര്‍ച്ചെ 1.50-ഓടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തിന് മുകളിലൂടെ വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന ശബ്ദം കേട്ടത് ജനങ്ങളെ വലിയ തോതില്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പ്രഭവകേന്ദ്രം എവിടെയാണെന്നോ നാശനഷ്ടങ്ങള്‍ എത്രയാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പ്രധാന സൈനിക താവളത്തിന് സമീപം സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണോ നടന്നതെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി അമേരിക്കയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തലസ്ഥാന നഗരിയില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞയാഴ്ച വെനസ്വേലയിലെ ലഹരിമരുന്ന് കടത്ത് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആക്രമണം നടത്തിയിരുന്നു. ഇതിനുപുറമെ, സെപ്റ്റംബര്‍ രണ്ടു മുതല്‍ പസഫിക് – കരീബിയന്‍ കടല്‍ മേഖലകളില്‍ മയക്കുമരുന്ന് കടത്ത് ആരോപിച്ചുള്ള അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇതുവരെ 107 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ 31 ഓളം ബോട്ടുകള്‍ക്ക് നേരെയാണ് അമേരിക്കന്‍ സേന വെടിയുതിര്‍ത്തത്.
നിലവിലെ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ നിക്കോളാസ് മഡൂറോയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചനയാണെന്ന് വെനസ്വേലന്‍ ഭരണകൂടം ആരോപിച്ചു. ലഹരിമരുന്ന് വേട്ട എന്ന മറവില്‍ രാജ്യത്തെ സൈനികമായും സാമ്പത്തികമായും തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വെനസ്വേലയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്നും മഡൂറോ പക്ഷം ആരോപിക്കുന്നു. ഉപരോധങ്ങളും നേരിട്ടുള്ള ആക്രമണങ്ങളും വഴി രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിടാനാണ് അമേരിക്കന്‍ നീക്കമെന്നും വെനസ്വേലന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.