കാനഡയിലെ വാന്‍കൂവറില്‍ ഒരു തെരുവില്‍ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഒന്നിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. മരണസംഖ്യ ഇതു വരെ വ്യക്തമായിട്ടില്ല.ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി എട്ടോടെയാണ് സംഭവം. വാന്‍കൂവര്‍ സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തീവ്രവാദി ആക്രമണമാണോ അപകടമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാനഡയിലെ ലാപു ലാപു എന്നറിയപ്പെടുന്ന പരിപാടി നടക്കുമ്പോഴാണ് അപകടം. സ്പാനിഷ് കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ മക്റ്റാന്‍ തലവനായ ലാപുലാപുവിന്റെ പേരില്‍ നടക്കുന്ന ഒരു ആഘോഷമാണ് ലാപു ലാപു ദിനം. 2023-ല്‍ ബ്രിട്ടീഷ് കൊളംബിയ ഈ പരിപാടി ഔദ്യോഗികമായി അംഗീകരിച്ചു. വാന്‍കൂവറിലെ ഫിലിപ്പീന്‍ വംശജരാണ് ഈ ഉത്സവം നടത്തി വരുന്നത്.
അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഒരു കറുത്ത എസ് യു വി അതിവേഗത്തില്‍ ജനക്കൂട്ടത്തിനിടയിലേക്ക്പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറിന്റെ ഡ്രൈവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.