നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നില്‍ കാര്‍ ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു

Jaihind Webdesk
Sunday, April 24, 2022

 

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട പിക്കപ്പിന് പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കോഴിയെ കൊണ്ടുപോവുന്ന പിക്കപ്പിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം.

ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികര്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം. ഉടന്‍ പേരാമ്പ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി അറിയിച്ചു.