തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് ഓട്ടോ ഡ്രൈവർമാരും രണ്ട് കാൽനടയാത്രക്കാരും ഉൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണ്. മറ്റൊരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കുകളാണുള്ളത്.
ജനറൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് വാഹനം നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവിങ് പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവിങ് ലൈസൻസുള്ള ഇയാളും ഒപ്പമുണ്ടായിരുന്ന ബന്ധുവും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്ന് ആർടിഒ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.