CPM| ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം: ‘പാര്‍ട്ടി സെക്രട്ടറി മാന്യത കാണിക്കണം’ ; ഗോവിന്ദന് മുരളിയുടെ മറുപടി

Jaihind News Bureau
Sunday, July 27, 2025

സംസ്ഥാന പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി പിരപ്പന്‍കോട് മുരളി. വി. എസ് അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ അദ്ദേഹത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തിയ പിരപ്പന്‍കോട് മുരളിക്ക് സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അസംബന്ധം വിളിച്ചു പറയുകയാണെന്നും തോന്ന്യവാസം കാണിക്കരുതെന്നും പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത വ്യക്തിയാണ് മുരളിയെന്നുമായിരുന്നു ഗോവിന്ദന്‍ വിമര്‍ശിച്ചത്. എന്നാല്‍ സംസ്ഥാന പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിരപ്പന്‍കോട് മുരളി.

താന്‍ പറയുന്നത് തോന്ന്യവാസവും അസംബന്ധവും ആണെങ്കില്‍ സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി സമ്മേളനത്തിന്റെ മിനിറ്റ്‌സ് പരിശോധിക്കാം എന്നും താന്‍ ആരുടെയും കൂലിക്ക് വേണ്ടി സംസാരിക്കുന്ന ആളല്ലെന്നുമാണ് മുരളിയുടെ മറുപടി. പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും, എങ്കിലും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്നുമുള്ള മുഖവുരയോടു കൂടിയാണ് അദ്ദേഹം ആരംഭിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മാന്യത ഗോവിന്ദന്‍ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വി. എസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞിരുന്നുവെന്നേ താന്‍ പറഞ്ഞുള്ളൂ എന്നും അത് സ്വരാജ് ആണെന്ന് താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.