കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ല; ജനവിരുദ്ധ സര്‍ക്കാരിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ തുടരും

Jaihind Webdesk
Thursday, March 16, 2023

 

എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍, പി.കെ ബഷീര്‍, കെ.കെ രമ, ഉമാ തോമസ് എന്നിവരുടെ സംയുക്ത പ്രസ്താവന:

സ്പീക്കര്‍ തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസ് അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ തീരുമാനിച്ചത്. സ്പീക്കറെ തടയില്ലെന്നും സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പ് നല്‍കിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എം.എല്‍.എമാര്‍ക്കെതിരെ ബല പ്രയോഗം നടത്താനാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത്.

നിയമസഭയിലെ തന്നെ ഏറ്റവും മുതിര്‍ന്ന അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിനെ മറ്റ് എം.എല്‍.എമാര്‍ ചോദ്യം ചെയ്തു. ഇതിനിടെ സി.പി.എം എം.എല്‍.എമാരായ എച്ച്. സലാം, സച്ചിന്‍ ദേവ്, ഐ.ബി സതീഷ്, ആന്‍സലന്‍ എന്നിവര്‍ ഞങ്ങള്‍ക്കു നേരെ പാഞ്ഞടുത്തു. സലാം, സച്ചിന്‍ ദേവ് എന്നിവരുടെ ആക്രമണത്തില്‍ താഴെ വീണ സനീഷ് കുമാര്‍ ജോസഫിനെ ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയും മറ്റ് വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. ബോധരഹിതനായ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കെ.കെ രമയുടെ കൈ പിന്നിലേക്ക് പിടിച്ച് വച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും ചെയ്തു. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തി പാര്‍ട്ടി ഗുണ്ടകളെ പോലെയാണ് ഡെപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും ഞങ്ങളോട് പെരുമാറിയത്. സി.പി.എം എം.എല്‍.എമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ആക്രമണത്തില്‍ കൈയ്യൊടിഞ്ഞ കെ.കെ രമ ഇന്നലെ തന്നെ സംസ്ഥാന പൊലീസ് മേധവിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാത്രി വൈകിയാണ് സനീഷ് കുമാര്‍ ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയത്. ഡെപ്യൂട്ടി ചീഫ് മാര്‍ഷലിന്റെയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും പരാതി എഴുതി വാങ്ങി അവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കാട്ടിയ തിടുക്കം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എം.എല്‍.എമാരുടെ കാര്യത്തിലുണ്ടായില്ല.

ആക്രമണത്തിന് ഇരയായ ഞങ്ങളുടെ എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഞങ്ങള്‍ക്കെതിരെ ഡെപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും നല്‍കിയ പരാതികളില്‍ ജാമ്യം ഇല്ലാത്ത വകുപ്പുകലുമാണ് ചുമത്തിയത്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം പൊലീസും നീതി നിഷേധത്തിന് കൂട്ടു നില്‍ക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് അംഗീകരിക്കാനാകില്ല.

നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി നിങ്ങള്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാരും സി.പി.എമ്മും ഓര്‍ക്കണം. ഒരുതരത്തിലുള്ള ഭീഷണിക്കും ഞങ്ങള്‍ വഴങ്ങില്ല. കള്ളക്കേസും കയ്യൂക്കും കൊണ്ട് തളര്‍ത്താനുമാകില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സാധ്യമായ എല്ലാ നിലകളിലുള്ള പോരാട്ടവും തുടരും. കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തുടര്‍ ഭരണത്തിന്‍റെ അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം ജനങ്ങളോടുള്ള നിങ്ങളുടെ വെല്ലുവിളിയാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.