മരംമുറിക്ക് പിന്നാലെ ചൂരല്‍കടത്ത് : കാട്ടാന ശല്യമെന്ന് പറഞ്ഞ് കക്കുന്നത് പരിസ്ഥിതി പ്രാധാന്യമുള്ള ചൂരൽ , ഓട എന്നിവ

Jaihind Webdesk
Tuesday, November 30, 2021

കണ്ണൂർ ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് കടത്തുന്നു. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള ചൂരൽ മുറിച്ച് കടത്തുന്നത്. കാട്ടാന ശല്യം ഇല്ലാതാക്കാൻ എന്ന് പറഞ്ഞാണ് വൻതോതിൽ ചൂരൽ, ഓട എന്നിവ മുറിച്ച് കടത്തുന്നത്. അതേസമയം കാട്ടാന ശല്യം രൂക്ഷമായതിനാൽ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ പരാതിയെ തുടർന്നാണ് ചൂരൽ മുറിച്ച് മാറ്റുന്നതെന്നാണ് ട്രൈബൽ റീസെറ്റിൽമെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് മിഷൻ അധികൃതരുടെ വിശദീകരണം

ആറളം ഫാം മിൽ നിന്നാണ് ചൂരൽ വൻതോതിൽ മുറിച്ചുകടത്തുന്നത്. പതിമൂന്നാം ബ്ലോക്കിൽ ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന ചൂരൽ, , ഓട എന്നിവ ഇതിനകം മുറിച്ച് വലിയ ലോറികളിൽ കടത്തി കഴിഞ്ഞു. പരിസ്ഥിതി പ്രാധാന്യമുള്ള ചൂരൽ, ഓട എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മുറിക്കുന്നത്. വനപാലകരുടെയും, ടി ആർ ഡി എം അധികൃതരുടെയും മൗനസമ്മതത്തോടെയാണ് ചൂരൽ കടത്ത് എന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

ചുരൽ മുറിച്ച സ്ഥലത്തോ , പരിസരത്തോ ഒരു കുടുംബം പോലും നിലവിൽ താമസമില്ല. അതിനാൽ തന്നെ ഉദ്യോഗസ്ഥർ അറിയാതെ ഇവ മുറിക്കാനും സാധിക്കില്ല. മുറിക്കുന്ന ചൂരലിന്റെ എണ്ണമോ കണക്കോ പോലും വ്യക്തമല്ല. സംരക്ഷണ ഇനത്തിൽ പ്പെടുന്നതാണ് ചുരൽ ചെടികളും ഓടയും. ഇവക്ക് മൂർച്ചയേറിയ മുള്ള് ഉളളതിനാൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കും എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

കാട്ടാന ശല്യം കുറക്കാൻ ചൂരൽ മുറിച്ച് മാറ്റുന്നത് കൊണ്ട് ഗുണം ചെയ്യുമെന്ന് സബ് കലക്ടർക്ക് പ്രദേശവാസികൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു ഇതിന്‍റെ മറവിലാണ് ആറളം ഫാമിലെ ചൂരൽ കൊള്ള. ചൂരൽ മുറിക്കാൻ അനുമതി നൽകിയൊ എന്ന കാര്യത്തിലും വ്യക്തതയില്ല.

അറുപതിലധികം കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന ആറളം ഫാമിലെ കൊടുംകാടുകൾ വെട്ടി തെളിക്കാൻ ഒരു നടപടിയും ഇല്ലാതിരിക്കുബോൾ ചൂരൽ മുറിച്ച് മാറ്റാൻ മാത്രം അനുമതി നൽകിയതിൽ ദുരൂഹത ചൂണ്ടികാട്ടി പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതിയും നൽകി കഴിഞ്ഞു.വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ചൂരലിന് വൻ ഡിമാൻ്റാണ് ഉള്ളത്. ചൂരൽ കടത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിച്ചാൽ മുട്ടിൽ മരം മുറിയെക്കാൾ വലിയ അഴിമതിയായിരിക്കും പുറത്ത് വരിക.