ലോക്സഭാ തെരഞ്ഞെടുപ്പ് : ചിഹ്നങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ സ്ഥാനാർത്ഥികൾ

webdesk
Friday, April 5, 2019

നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചതോടെ ഇനി ചിഹ്നങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിന് ശേഷമെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിക്കൂ. സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന ചിഹ്നങ്ങൾ മാത്രമാണ്.

1968-ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാനാകൂ. ഈ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികൾക്ക് ഏഴും സംസ്ഥാന കക്ഷികൾക്ക് കേരളത്തിൽ നാലും സ്വതന്ത്രൻമാർക്ക് 198 ചിഹ്നങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഇഷ്ടപ്പെട്ട ചിഹ്നം ആവശ്യപ്പെടാനുള്ള അവകാശം സ്ഥാനാർത്ഥികൾക്കുണ്ട്. ഇത്തരത്തിൽ ഒരാൾക്ക് മൂന്നു ചിഹ്നം വരെ തെരഞ്ഞെടുക്കാം. ഇതിൽ ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നം ലഭിക്കും. അതുകൊണ്ടു തന്നെ അവർക്ക് ഒന്നിൽ കൂടുതൽ ചിഹ്നത്തിന് അപേക്ഷിക്കേണ്ടി വരില്ല. സ്വതന്ത്ര സ്ഥാനാർത്ഥികൾ മുൻഗണനാക്രമത്തിലാണ് മൂന്നു ചിഹ്നങ്ങൾ ആവശ്യപ്പെടേണ്ടത്. ഒന്നിലധികം പത്രിക സമർപ്പിക്കുന്നവർക്ക് സാധുവായ ആദ്യ പത്രികയിലെ അദ്യ ചിഹ്നമാണ് അനുവദിക്കുന്നത്.

ഒന്നിലധികം സ്ഥാനാർഥികൾ ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കും. സ്ഥാനാർത്ഥിക്ക് ആവശ്യപ്പെട്ട ചിഹ്നം അനുവദിക്കാൻ കഴിയാതെ വന്നാൽ വരണാധികാരിക്ക് പട്ടികയിൽ നിന്ന് ഏതെങ്കിലും ഒരു ചിഹ്നം അനുവദിക്കാം. കമ്മിഷൻ അംഗീകരിച്ച ചിഹ്നത്തിൽ ഏതെങ്കിലുമൊന്ന് ഒരു സ്ഥാനാർത്ഥി മാത്രമാണ് ആവശ്യപ്പെട്ടതെങ്കിൽ അയാൾക്ക് ആ ചിഹ്നം അനുവദിക്കാം. ചിഹ്നം അനുവദിച്ചാൽ അക്കാര്യം വരണാധികാരി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി അറിയിക്കുകയും ചിഹ്നത്തിന്‍റെ മാതൃക കൈമാറുകയും ചെയ്യും.