തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം തുടരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തത വരാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ സമരം ശക്തമാക്കുകയാണ് സിവിൽ പോലീസ് ഓഫീസ് റാങ്ക് ഹോൾഡർമാർ. അതേസമയം സമരത്തിന് ഐക്യദാർഢ്യവുമായി മൂന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരുടെ അനിശ്ചിതകാല നിരാഹാര സമരവും സെക്രട്ടേറിയറ്റ് പടിക്കല്‍ തുടരുകയാണ്.
സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്നലെ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു. എന്നാല്‍ നേരത്തെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഉത്തരവില്‍ പുതിയ ഉറപ്പുകളൊന്നും തന്നെയില്ല. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസാണ് ചർച്ച നടത്തിയത്. ചർച്ചയിൽ വാക്കാൽ നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കുകയാണ് ചെയ്തത്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നാണ് സർക്കാർ കണ്ടെത്തല്‍. ഉദ്യോഗാർത്ഥികളെ അപമാനിക്കുന്ന നിലപാടാണിതെന്നാണ് ഉയരുന്ന പരാതി.
സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ നീക്കം. ഉദ്യോഗാർത്ഥികള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനുമാണ് സമരത്തിന് തുടക്കമിട്ടത്. ഇവരുടെ ആരോഗ്യനില വഷളായതോടെ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂർ, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ സമരം ഏറ്റെടുക്കുകയായിരുന്നു.