സ്ഥാനാർത്ഥി നിർണയം : പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി ; കൂട്ടരാജി തുടരുന്നു

 

മലപ്പുറം : പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെ തുടർന്ന് സിപിഎമ്മിൽ കൂട്ട രാജി തുടരുന്നു. മൂന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. 4 ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി രൂക്ഷമായി തുടരുകയാണ്. ടികെ മഷൂദ്, നവാസ്, ജമാല്‍ എന്നീ പാര്‍ട്ടിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. ഇതിനു പുറമെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ സിപിഎമ്മിൽ ഊർജിത ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയിട്ടില്ല. ഇതിന്‍റെ ഭാഗമായി വൈകിട്ട് നടക്കുന്ന നിയോജക മണ്ഡലം കമ്മിറ്റിയിൽ മുതിർന്ന നേതാവ് പാലൊളി മുഹമ്മദ്‌ കുട്ടിയും പി ശ്രീരാമകൃഷ്ണനും പങ്കെടുത്തേക്കും. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കേണ്ട യോഗം പ്രതിഷേധം ഭയന്നാണ് പൊ ന്നാനനി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയത്. പൊന്നാനിയിൽ ടി.എം സിദ്ദിഖ് സ്ഥാനാർത്ഥി ആകണമെന്നാണ് ഭൂരിഭാഗം ലോക്കൽ കമ്മിറ്റികളുടെയും ആവശ്യം.

സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊന്നാനി പ്രാദേശിക നേതൃത്വം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൊന്നാനിയില്‍ പ്രകടനം നടന്നിരുന്നു. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

Comments (0)
Add Comment