കാനറാ ബാങ്ക് തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു ; ഒന്നര കോടി രൂപ കൂടി തട്ടിയതായി കണ്ടെത്തല്‍

Jaihind Webdesk
Thursday, May 20, 2021

പത്തനംതിട്ട കാനറാ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒന്നര കോടി രൂപ കൂടി തട്ടിയതായി ഓഡിറ്റിൽ കണ്ടെത്തി.
8,13,64,539 രൂപയാണ് തട്ടിച്ചതായി ആദ്യം കണ്ടെത്തിയിരുന്നത്.

തട്ടിപ്പു നടത്തി ഒളിവിൽ പോയ കാനറാ ബാങ്കിലെ ജീവനക്കാരനായ കുന്നിക്കോട് ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെ പൊലീസ് ബംഗളുരുവിൽ നിന്നും പിടികൂടിയിരുന്നു. ഈ ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്നും ഒരു വർഷത്തിനിടെ എട്ടേകാൽ കോടി രൂപയോളം ഇയാൾ തട്ടിയെടുത്തതായിട്ടാണ് ആദ്യം കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി നടന്ന ഓഡിറ്റിൽ ഒന്നര കോടി രൂപ കൂടി തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു.

ക്രമക്കേട് പുറത്തു വന്നതിന് പിന്നാലെ ഫെബ്രുവരി പതിനൊന്നാം തീയതി മുതൽ ഇയാളും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. മുൻ നേവി ഉദ്യോഗസ്ഥനും പത്തനംതിട്ട കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കായ വിജീഷ് വര്‍ഗീസ് 2019 ലാണ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജീഷ് നടത്തിയ ബാങ്ക് തട്ടിപ്പിനെ കുറിച്ച് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. ഒരു ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെത്തിയ പത്തുലക്ഷം രൂപ ഇവരറിയാതെ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

പണം നഷ്ടമായവരുടെ പരാതിയിൽ മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ടേകാൽ കോടിയോളം പല അക്കൗണ്ടുകളില്‍നിന്ന് മാറ്റിയതായി കണ്ടെത്തിയത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് പ്രതി ബംഗളുരുവില്‍ നിന്ന് പിടിയിലായത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്‍റെ ഫ്ളാറ്റിൽനിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.