ബിയങ്ക യുഎസ് ഓപ്പൺ വനിത സിംഗിൾസ് ജേതാവ്; കിരീട നേട്ടം സെറീന വില്യംസിനെ അട്ടിമറിച്ച്

Jaihind Webdesk
Sunday, September 8, 2019

യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം ബിയങ്ക ആൻഡ്രീസ്‌കുവിന്. ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ കനേഡിയൻ താരമായി ബിയങ്ക ആൻഡ്രീസ്‌കു. അതേ സമയം
പുരുഷ വിഭാഗം ഫൈനലിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ ഡാനിൽ മെദ്വദേവുയെ നേരിടും.

ടെന്നിസ് കോർട്ടിൽ ചരിത്രമെഴുതി 19 കാരിയായ കനേഡിയൻ താരം ബിയങ്ക ആൻഡ്രീസ്‌കു. സ്വന്തം കാണികൾക്ക് മുന്നിൽ 24ാമത് സിംഗിൾസ് ചാമ്പ്യൻഷിപ്പ് നേടത്തിനിറങ്ങിയ സെറീനക്ക് അമിത ആത്മവിശ്വാസം വിനയായി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സറീനയെ സമ്മർദ്ദത്തിലാക്കിയ കനേഡിയൻ താരം, ആക്രമണാത്മക കളിയുടെ അനായാസതയോടെ കിരീടം സ്വന്തം പേരിൽ കുറിച്ചു.

ജയത്തോടെ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ കനേഡിയൻ താരമായി ബിയങ്ക ആൻഡ്രീസ്‌കു. രാജ്യത്തിനായി ആദ്യകിരീടം സ്വന്തമാക്കിയ ബിയങ്കയെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിനന്ദിച്ചു.

നേരത്തെ സെമി ഫൈനലിൽ ബെലിൻഡ ബെൻകിച്ചിനെ പരാജയപ്പെടുത്തിയാണ് ബിയങ്ക ഫൈനലിലെത്തിയത്. സെറീന ഉക്രെയ്‌നിന്‍റെ എലീന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് ഫൈനലൽ ഉറപ്പിച്ചത്. അവസാന മത്സരത്തിൽ സെറീന വിജയിച്ചിരുന്നുവെങ്കിൽ, ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്നതിൽ മാർഗരറ്റ് സ്മിത്കോര്‍ട്ടിന് ഒപ്പം എത്താൻ സെറീനക്ക് കഴിയുമായിരുന്നു.

അതേ സമയം പുരുഷ വിഭാഗം ഫൈനലിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും. ആർതർ ആഷെ സ്റ്റേഡിയത്തിൽ പുലർച്ചെ 1.30 മുതലാണു മത്സരം. 19-ആം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണു നദാൽ കളിക്കുന്നത്. യു.എസ്. ഓപ്പണിൽ നദാൽ ഇതുവരെ അഞ്ചുവട്ടം ഫൈനലിൽ കളിച്ചു. ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണു നദാൽ ഫൈനലിൽ കടന്നത്. മരാത് സാഫിനു ശേഷം ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്ന റഷ്യക്കാരനുമാണ്.