കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചുമതലയേറ്റു; വിദേശകാര്യമന്ത്രി ഇന്ത്യന്‍ വംശജ അനിതാ ആനന്ദ്

Jaihind News Bureau
Wednesday, May 14, 2025

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാണ് കാര്‍ണി. ഇന്ത്യന്‍ വംശജയായ അനിതാ ആനന്ദ് വിദേശകാര്യമന്ത്രിയായും ചുമതലയേറ്റു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ലിബറല്‍ പാര്‍ട്ടി നേതാവും കാനഡയുടെ പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നു ട്രൂഡോ. ഇതിനുപിന്നാലെ ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് 59കാരനായ കാര്‍ണിയുടെ വരവ്.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നലെ ചുമതലയേറ്റു. വിദേശകാര്യമന്ത്രിയായി ഇന്ത്യന്‍ വംശജയായ അനിതാ ആനന്ദും കനേഡിയന്‍ മന്ത്രി സഭയിലുണ്ട്. നേരത്തേ ഇവര്‍ക്ക് ഗതാഗതവകുപ്പായിരുന്നു. അഭിഭാഷകയായ അനിത, ഓക്വിലില്‍നിന്നുള്ള എംപിയാണ്. ഫ്രാന്‍സ്വ ഫിലിപ് ഷാംപെയ്ന്‍ ധനമന്ത്രിയായി തുടരും. ഇന്നലെ രാവിലെ ഒട്ടാവയിലെ റിഡ്യൂ ഹാളില്‍, ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനു മുന്‍പാകെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്രവ്യാപാരവകുപ്പിന്റെ ചുമതല, ഇന്ത്യന്‍വംശജനായ മണിന്ദര്‍ സിദ്ധുവിനാണ്. റൂബി സഹോത്ത, രണ്‍ദീപ് സരായ് എന്നിങ്ങനെ സെക്രട്ടറിമാരില്‍ രണ്ടുപേരും ഇന്ത്യന്‍ വംശജരാണ്. 28 മന്ത്രിമാരും, സഹമന്ത്രിമാരുടെ സ്ഥാനത്തിന് തത്തുല്യമായ സെക്രട്ടറിച്ചുമതലയുള്ള പത്തുപേരുമാണ് മന്ത്രിസഭയിലുള്ളത്.

ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി മാര്‍ക്ക് കാര്‍ണി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിക്കുന്നതിലും കാര്‍മി മുഖ്യപങ്കുവഹിച്ചിരുന്നു. ഐക്യപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശക്തരാകുന്നതെന്നും എല്ലാനര്‍ക്കും നന്ദിയെന്നും മാര്‍ക്ക് കാര്‍ണി സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.