ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാലാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനവും ഇന്ന്.
543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളും, ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉൾപ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറൻ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി പാർടികളുടെയും റാലികൾ നടക്കും.
നാലാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയവും ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍ ഈ മാസം 29നാണ് പോളിംഗ് ബൂത്തിലെത്തുക. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. 12ആം തീയതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
7 ഘട്ടങ്ങളിലും വോട്ടെടുപ്പ് അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശും ബീഹാറും പശ്ചിമബംഗാളും. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13, ബീഹാറില്‍ 5, ഝാര്‍ഖണ്ഡില്‍ 3, മധ്യപ്രദേശിലും ഒഡീഷയിലും 6, മഹാരാഷ്ട്രയില്‍ 17, പശ്ചിമബംഗാളില്‍ 8 വീതം മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.