തോമസ് ഐസക്കിന്‍റെ പ്രചാരണം പരാജയമെന്ന് വിലയിരുത്തല്‍; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ഏറ്റുമുട്ടല്‍, കയ്യാങ്കളി

Jaihind Webdesk
Tuesday, March 26, 2024

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം പരാജയമെന്ന് ആരോപിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും.  പ്രവർത്തകരുടെ തമ്മിലടിയില്‍ നടപടി എടുക്കാനാണ് സംസ്ഥാനനേതൃത്വത്തിന്‍റെ നീക്കം. തിരഞ്ഞെടുപ്പിന് ശേഷം നടപടി എടുത്തേക്കും.

മന്ത്രി വി.എൻ. വാസവനടക്കം പങ്കെടുത്ത യോഗത്തിലാണ് അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആറന്മുളയിൽ നിന്നുള്ള അംഗവും തമ്മിൽ കയ്യാങ്കളി നടന്നത്. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്‍റെ പ്രചാരണ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്താൻ കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്.

യോഗത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പരാജയമാണെന്ന വിലയിരുത്തലുണ്ടായി. പത്തനംതിട്ട പാർലമെന്‍റിന്‍റെ ചുമതലയുള്ള അടൂരിൽ നിന്നുള്ള അംഗം മന്ത്രി വീണാ ജോർജ്‌ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് യോഗത്തിൽ ആരോപണമുയർന്നു. നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം നടക്കുന്നതല്ല പ്രചാരണം എന്നും കുറ്റപ്പെടുത്തലുണ്ടായി. അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ ആറന്മുളയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം രംഗത്തെത്തിയതോടെ വാക്കേറ്റമായി.

തർക്കത്തിനിടെ ഇരുവരും പരസ്പരം പാഞ്ഞടുക്കുകയും ബലപ്രയോഗം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ ആറന്മുളയിൽ നിന്നുള്ള അംഗം നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് ജില്ലാ സെക്രട്ടറിയും മന്ത്രിയും മറ്റംഗങ്ങളും ചേർന്ന് ഇരുവരേയും പിന്തിരിപ്പിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തെ വി.എൻ. വാസവൻ വിവരങ്ങൾ റിപ്പോർട്ടുചെയ്തതോടെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് നടപടിയുണ്ടായാൽ അത് പ്രതികൂലമാകും എന്നതിനാലാണ് തിരഞ്ഞെടുപ്പിന് ശേഷം നടപടി എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്.