അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തില്‍ ഒളിച്ച് കളി ; വിവരങ്ങള്‍ നല്‍കാന്‍ തയാറാകാതെ കാലിക്കറ്റ് സര്‍വകലാശാല

Jaihind Webdesk
Thursday, August 19, 2021

കോഴിക്കോട് : അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന്‍റെ വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ കാലിക്കറ്റ്‌ സർവകലാശാല. മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടും സര്‍വകലാശാല തയ്യാറായില്ലെന്ന് പരാതി. സര്‍വകലാശാല പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യ വിവരാവകാശ കമ്മീഷണർക്ക് നിവേദനം നൽകി.

കാലിക്കറ്റ്‌ സർവകലാശാലയുടെ വിദ്യാഭ്യാസ പഠന വകുപ്പിൽ നടന്ന അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിന്‍റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. അഭിമുഖത്തിന്‍റെ സ്കോർ ഷീറ്റും അനുബന്ധ രേഖകളും നല്‍കണമെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാർത്ഥി ഡോ. എം.പി. ബിന്ദു വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. എന്നാല്‍ വിവരങ്ങള്‍ കാലിക്കറ്റ്‌ സർവകലാശാല നൽകാത്തതിനെ തുടർന്ന് ബിന്ദു മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിശ്വാസ് മേത്തയെ സമീപിക്കുകയായിരുന്നു.

തുടർന്ന് പ്രസ്തുത രേഖകൾ കൈമാറേണ്ടതാണെന്ന നിർദേശം കമ്മീഷണര്‍ യൂണിവേഴ്സിറ്റിക്ക് നൽകി. വിവരാവകാശ കമ്മീഷണറുടെ നിര്‍ദേശത്തെയും പക്ഷേ സര്‍വകലാശാല തള്ളി. സ്കോർ ഷീറ്റ് പകർപ്പ് പുറത്തുവിട്ടാൽ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന കാരണമാണ് രേഖകൾ കൈമാറാതിരിക്കാൻ കാരണമായി സർവകലാശാല ചൂണ്ടിക്കാട്ടുന്നത്.

എ.എന്‍. ഷംസീർ എം.എൽ.എ യുടെ ഭാര്യയെ വഴിവിട്ട് അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കമ്മീഷണർ നിർദേശിച്ചിട്ടും സർവകലാശാല ഇന്‍റർവ്യൂ സ്കോർ ഷീറ്റ് നൽകാത്തതെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഗവേഷണ ഗൈഡിനെ സെലക്ഷൻ കമ്മിറ്റിയിൽ വിദഗ്ധ അംഗമാക്കിയതും നേരത്തെ വിവാദമായിരുന്നു.