ദുബായ് : യുഎഇയിലെ ഏറ്റവും മികച്ച കേക്ക് ഉണ്ടാക്കുന്നവരെ കണ്ടെത്താനുള്ള മത്സരത്തിന് ദുബായില്‍ തുടക്കമായി. ആകെ 30,000 ദിര്‍ഹം ( ഏകദേശം ആറുലക്ഷം രൂപ ) സമ്മാന തുകയുള്ള മത്സരത്തിന്റെ, ആദ്യദിന പരിപാടികള്‍ ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ പുരോഗമിക്കുകയാണ്. ജയ്ഹിന്ദ് ടി വിയാണ് പരിപാടിയുടെ ടെലിവിഷന്‍ പാര്‍ട്ണര്‍.
‘യുഎഈസ് ബെസ്റ്റ് കേക്ക് കണ്ടെസ്റ്റ് 2019’ എന്ന പേരിലാണ് മത്സരം. പുരുഷന്മാര്, വീട്ടമ്മമാര്‍ ഉള്‍പ്പടെ ആര്‍ക്കും, ഏത് രാജ്യക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതനുസരിച്ച്, വീട്ടിലിരുന്ന് സ്വാദിഷ്ടവും ആകര്‍ഷകവുമായ കേക്ക് ഉണ്ടാക്കി കൊണ്ടുവന്ന നൂറില്‍ താഴെയുള്ളവരാണ് ആദ്യ റൗണ്ടില്‍, വ്യത്യസ്തമായ കേക്കുകള്‍ പ്രദര്‍ശിപ്പിച്ച് പങ്കെടുക്കുന്നത്. പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി ഇതില്‍ നിന്ന് 20 പേരെ തിരഞ്ഞെടുക്കും.
ഒക്ടോബര്‍ നാലിന് അജ്മാനില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍, ഫൈനല്‍ ജേതാക്കളെ കണ്ടെത്തും. ദുബായിലെ വേദിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേര്, ഗ്രാന്‍ഡ് ഫിനാലെയില്‍, കേക്ക് തത്സമയം ഉണ്ടാക്കി കാണിക്കണമെന്നും നിബന്ധനയുണ്ട്. ഇപ്രകാരം, നിറവും ഭംഗിയും സ്വാദും മികച്ച അലങ്കാരവുമുള്ള യുഎഇയിലെ ഏറ്റവും മികച്ച കേക്ക് ഉണ്ടാക്കുന്നവരെ ഫൈനല്‍ ദിനത്തില്‍ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിര്‍ഹം ( ഏകദേശം മൂന്ന് ലക്ഷം രൂപ ), രണ്ടാം സ്ഥാനത്തിന് 10,000 ( ഏകദേശം രണ്ട് ലക്ഷം രൂപ ) മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം ( ഏകദേശം ഒരു ലക്ഷം രൂപ ) വീതമാണ് സമ്മാനമായി നല്‍കുന്നത്.