കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യത; സിഎജി റിപ്പോർട്ട് സഭയില്‍

Jaihind Webdesk
Thursday, February 15, 2024

കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്ന് സിഎജി റിപ്പോർട്ട്. സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നതായും സിഎജി. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകളെന്നും സിഎജി കണ്ടെത്തി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പരാമർശങ്ങളാണ് ഇന്ന് നിയമസഭയിൽ വെച്ച സി.എ.ജി റിപ്പോർട്ടിൽ ഉള്ളത്. സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലെ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്നാണ് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയാണ് കിഫ്‌ബിക്കെതിരെ സിഎജി റിപ്പോർട്ടില്‍ പരാമർശങ്ങൾ ഉയർന്നിരിക്കുന്നത്.

കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്നും ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബിയുടെ കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണെന്ന് സിഐജി വ്യക്തമാക്കുന്നു . ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തതായും സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും
സി എ.ജി കണ്ടെത്തി. അനർഹർക്ക് ഭൂമി പതിച്ചു നൽകിയതായും വിപണി വില ഈടാക്കിയില്ലെന്നും പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. പാട്ടക്കരാറും, പാട്ടത്തുകയും സമയോചിതമായി വർധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും പാട്ട ഭൂമിയുടെ അനധികൃത വില്‍പനകൾ തടയാൻ നടപടി എടുത്തില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു. സർക്കാരിനെതിരെ ഗുരുതര വിമർശനങ്ങൾ ഉള്ള റിപ്പോർട്ട് നിയമസഭയിൽ വച്ചു.