സി.എ.ജി കരട് റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടി ; രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ പ്രതിപക്ഷം

Jaihind News Bureau
Sunday, November 15, 2020

 

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജിയുടെ കരട് റിപ്പോർട്ടിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നു. ധനമന്ത്രി തോമസ് ഐസക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് റിപ്പോർട്ട് പുറത്തുവിട്ടതിൽ രാഷ്ട്രപതിക്ക് പരാതി നൽകാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ റിപ്പോർട്ടിനോടുള്ള വിയോജിപ്പ് ചീഫ് സെക്രട്ടറി വഴി സി.എ.ജിയെ രേഖാമൂലം അറിയിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

മാനദണ്ഡങ്ങൾ ലംഘിച്ച്  സി.എ.ജി റിപ്പോർട്ട് പുറത്ത് വിട്ടത് ഗുരുതരമായ ചട്ടലംഘനമെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് പകരം ധനമന്ത്രി തന്നെ ഇത് ചോർത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകാൻ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.

എന്നാൽ സി.എ.ജി യുടെ കരട് റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ തെറ്റില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമായതിനാൽ തന്നെ ഇതിലുള്ള വിയോജിപ്പ് സി.എ.ജിയെ അറിയിക്കാനാണ് സർക്കാർ തീരുമാനം. റിപ്പോർട്ടിൽ സി.എ.ജി മുന്നോട്ടു വെച്ചിരിക്കുന്ന വാദങ്ങൾക്കെതിരെ ചീഫ് സെക്രട്ടറി തന്നെ രേഖാമൂലം മറുപടി നൽകും.

കഴിഞ്ഞ ദിവസം തോമസ് ഐസക്ക് മാധ്യമങ്ങളെ കണ്ടതും റിപ്പോർട്ടിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തിയതും പാർട്ടി അനുമതിയോടെയാണെന്ന വിലയിരുത്തലാണുള്ളത്. കിഫ്ബിയെ ചുറ്റിപ്പറ്റി കോടികളുടെ അരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോൾ പാർട്ടിയും സർക്കാരും കൈകോർത്തുള്ള പ്രതിരോധത്തിനാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ തുടങ്ങി വെച്ചിട്ടുള്ളത്.