രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ദക്ഷിണേന്ത്യയിൽ പുത്തൻ ഉണർവുണ്ടാക്കി : രമേശ് ചെന്നിത്തല

വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ പുത്തൻ ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിയുടെ വർഗീയ പ്രചരണങ്ങൾക്ക് കേരളം മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിന്റെ ഒരുങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 20 സീറ്റും നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.  ഇടതുപക്ഷം രാഹുലിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ തെരഞ്ഞെടുപ്പില്‍ ആശയ ദാരിദ്ര്യമാണ് സി.പി.എമ്മിന്. ആരാണ് അവരുടെ പ്രധാനമന്ത്രി, ആരാണ് നേതാവ്, എന്താണ് പരിപാടി ഒന്നും അവര്‍ക്ക് വ്യക്തമായി പറയാനാകുന്നില്ല. രാഹുലിനെ ബി.ജെ.പി വിമര്‍ശിക്കുന്ന അതേ സ്വരത്തിലാണ് സി.പി.എമ്മും വിമര്‍ശിക്കുന്നത്. ദേശാഭിമാനിയും ജന്‍മഭൂമിയും ഒരേ അച്ചിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിന്റെ പ്രസക്തിയും സ്ഥാനാര്‍ഥിത്വവും കാണാതിരിക്കുന്ന ഇടതു പക്ഷം വസ്തുതകളെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു. മോദിക്കെതിരെ ഉയര്‍ത്തികാട്ടാന്‍ പറ്റുന്ന ഏക നേതാവ് രാഹുലാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യക്കാരെ ഹിന്ദുവായും മുസ്‌ലീമായും ക്രിസ്ത്യനായും പാഴ്‌സിയായും വേര്‍തിരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല. അതിനെല്ലാമെതിരായി കേരള ജനത വിധി എഴുതുമെന്നാണ് കരുതുന്നത്. നാളെ യു.ഡി.എഫ് നേതാക്കന്‍മാര്‍ കല്‍പ്പറ്റയില്‍ എത്തി രാഹുലിന്റെ നാമനിര്‍ദേശ പത്രിക നല്‍കും.11.30 ഓടെയായിരിക്കും പത്രിക സമര്‍പ്പണം. രാഹുല്‍ ഇന്ന് രാത്രി കോഴിക്കോട് തങ്ങും. പ്രിയങ്കഗാന്ധിയും ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment