ജലീലിനെ തൊടാതെ മന്ത്രിസഭാ യോഗം ; രാജിക്കായി പ്രതിഷേധം ശക്തം

 

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട  വിവാദ വിഷയം തൊടാതെ മന്ത്രിസഭായോഗം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജിക്കായി വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാല്‍ സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയ വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുകയാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നും വിവിധയിടങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനാലാണ് മുഖ്യമന്ത്രി ജലീലിനെ തൊടാന്‍ മടിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിവാദങ്ങള്‍ക്കിടെ കെ.ടി ജലീല്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ശ്രീനാരായണ സര്‍വകലാശാല കൊണ്ടുവരുന്നതിനുള്ള ഓഡിനന്‍സിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുവദിക്കാൻ നിയമഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് രോഗികൾക്കും കിടപ്പ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാം. വോട്ടിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. വോട്ടെടുപ്പിന് തലേദിവസം രോഗം വന്നാല്‍ എന്തു ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.

സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം 9% പലിശയോടെ പി.എഫിൽ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും അഞ്ചുമാസമായി പിടിച്ച ഒരു മാസത്തെ ശമ്പളമാണ് തിരികെ നല്‍കുന്നത്. ഏപ്രിലില്‍ തുക പി.എഫില്‍ ഇടും. ഓണ്‍ലൈനിലായിരുന്നു മന്ത്രിസഭാ യോഗം.

Comments (0)
Add Comment