‘നോട്ട് നിരോധനം പോലെ ജനങ്ങളെ ദ്രോഹിക്കാനുള്ള മോദി സർക്കാരിന്‍റെ അടുത്ത നീക്കം’ : ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഇന്ത്യാ ഗേറ്റിന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നോട്ട് നിരോധനം പോലെ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ  പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

നോട്ട് നിരോധന സമയത്തെപ്പോലെ, ഇപ്പോള്‍ പൗരത്വം തെളിയിക്കാനും ഓരോ ഇന്ത്യക്കാരനും വരിയില്‍ നില്‍ക്കണമെന്നാണ് സർക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച് ആയിരങ്ങളാണ് ഇന്ത്യ ഗേറ്റിൽ തടിച്ചുകൂടിയത്. നേരത്തെ ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രിയങ്കാ ഗാന്ധി മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എത്തി പ്രതിഷേധ ധർണ നടത്തിയിരുന്നു.

മോദി സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ശക്തമാവുകയാണ്. നേരത്തെ ഡല്‍ഹിയില്‍ ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി ഗേറ്റില്‍ പോലീസ് തടയുകയും പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാർജും നടത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകർക്ക് നേരെയും പൊലീസ് അതിക്രൂരമായ ആക്രമണമാണ് നടത്തിയത്.

അതേസമയം ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന കേന്ദ്ര സർക്കാര്‍ നയം അംഗീകരിക്കാനാവുന്നതല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. സമാധാന മാർഗത്തിലുള്ള സമരത്തിന് കോണ്‍ഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സോണിയാ ഗാന്ധി അറിയിച്ചു.

priyanka gandhiCAA
Comments (0)
Add Comment